
മലയാള സിനിമയിൽ നവീന ഭാവുകത്വത്തിന് തുടക്കം കുറിച്ച ചലച്ചിത്രകാരൻമാരിൽ ഒരാളായ കെ.പി.കുമാരൻ അടൂരിന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹരചയിതാവായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. റോക്ക്,അതിഥി, തോറ്റം, രുഗ്മിണി, ആകാശ ഗോപുരം തുടങ്ങി പത്തിലധികം ചിത്രങ്ങൾ മാത്രമാണ് അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ നിന്നും പിറവിയെടുത്തത്. ഇപ്പോൾ മഹാകവി കുമാരനാശാന്റെ കവിതയും ജീവിതവും സിനിമയിൽ പുതിയ സർഗവസന്തം വിരിയിക്കാൻ തയ്യാറെടുക്കുകയാണ്.ഗ്രാമവൃക്ഷത്തിലെ കുയിൽ എന്നു പേരിട്ട ഈ സിനിമയുടെ മുഴുവൻ ജോലികളും പൂർത്തിയായെങ്കിലും കൊവിഡിൽ കുടുങ്ങി തിയറ്ററുകൾ കാണാതെ കിടക്കുകയാണ്.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം പത്തായക്കുന്ന് സ്വദേശിയായ കുമാരൻ തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലാണ് താമസിക്കുന്നത്. പ്രായം 82 കഴിഞ്ഞെങ്കിലും മനസിൽ നിറയെ ഇനിയും ഒരു പാട് സിനിമകളുണ്ട്. എങ്കിലും ഇനി ആ വഴിക്ക് പോകാൻ അദ്ദേഹം തയ്യാറല്ല. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം പുറത്തിറങ്ങുന്ന ഗ്രാമവൃക്ഷത്തിലെ കുയിൽ തന്റെ അവസാനത്തെ സിനിമയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തിടെ ഉണ്ടായ ചില പരാമർശങ്ങൾ തെല്ലാന്നുമല്ല അദ്ദേഹത്തെ വേദനിപ്പിച്ചത്. അര നൂറ്റാണ്ടിലേറെ നീണ്ട ആഴമേറിയ ബന്ധങ്ങളിൽ നിന്നു തനിക്കു നേരെയുണ്ടായ ആക്ഷേപങ്ങളിൽ മനംനൊന്ത് കഴിയുകയാണ് അദ്ദേഹം.

എന്തുകൊണ്ട് അവസാനത്തെ സിനിമ
ഇനി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു . പണമോ പ്രശസ്തിയോ ഒന്നും പ്രതീക്ഷിച്ചല്ല ഞാനടങ്ങുന്ന തലമുറ അര നൂറ്റാണ്ട് മുമ്പ് സിനിമയിലേക്കിറങ്ങിയത്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുകയെന്ന ഉദ്ദേശം മാത്രമാണ് അന്നുണ്ടായിരുന്നത്. അങ്ങനെ കുറച്ച് നല്ല സിനിമകൾ ചെയ്യാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം. 82-ാം വയസിലും സിനിമയോടു അടങ്ങാത്ത അഭിനിവേശമുണ്ട്. അതുകൊണ്ട് ലോകം ആദരിക്കുന്ന മഹാകവിയായ കുമാരനാശാന്റെ ജീവിതം സിനിമയാക്കാൻ ഇറങ്ങിത്തിരിച്ചത്.
കുമാരൻ എന്ന സിനിമാക്കാരനെ പുതുതലമുറയിലെ ചലച്ചിത്ര പ്രവർത്തകർക്ക് അത്ര പരിചയം കാണില്ല.അതുകൊണ്ടു തന്നെ സിനിമയുമായി ഇറങ്ങുമ്പോൾ എത്ര പേർ സഹകരിക്കുമെന്ന് എനിക്ക് തന്നെ നല്ല നിശ്ചയമുണ്ടായിരുന്നു. എങ്കിലും ഞാൻ പിറകോട്ട് പോയില്ല. വർഷങ്ങൾക്ക് മുമ്പ് മനസിൽ ആഗ്രഹിച്ചതാണ്. കുമാരനാശാന്റെ ജീവിതം സിനിമയാക്കണമെന്നത്.
കുടുംബത്തിന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഇതിനായി ചെലവഴിച്ചു. തികയാതെ വന്നപ്പോൾ ഭാര്യയുടെ പെൻഷൻ നിക്ഷേപവും ഇതിലേക്ക് വകമാറ്റി. മക്കളെ കൊണ്ട് വായ്പയും എടുപ്പിച്ചു. എല്ലാം കൂടി ചേർത്താണ് ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രം പൂർത്തിയാക്കിയത്. ഇത് എന്റെ മാസ്റ്റർപീസ് സിനിമയായിരിക്കും.
കുമാരനാശാന്റെ കാവ്യജീവിതത്തിലെ വലിയ വഴിത്തിരിവാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കാവ്യം. എസ്. എൻ.ഡി.പി യോഗത്തിന്റെ സ്ഥാപക സെക്രട്ടറിയായി 15 വർഷം പൂർത്തിയാക്കിയ കാലം.കവിതയിലെ കുയിൽ കുമാരനാശാനും വൃക്ഷം എസ്. എൻ.ഡി.പി യോഗവും വൃക്ഷചുവട്ടിലെ മുനി നാരായണ ഗുരുവുമായിരുന്നു.1903ൽ ആശാൻ എസ്. എൻ.ഡി.പി യോഗം സെക്രട്ടറിയായി ചുമതലയേറ്റതു മുതൽ 1924ൽ പല്ലനയാറ്റിൽ അകാലമൃത്യുവിന് ഇരയാകുന്നതു വരെയുള്ള 20 വർഷത്തിനിടെയുള്ള ജീവിതമാണ് ഇതിൽ ചിത്രീകരിക്കുന്നത്. 1907 ൽ തലശേരി സ്വദേശിയായ മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള മിതവാദിയിലാണ് ആശാന്റെ വീണപൂവ് പ്രസിദ്ധീകരിക്കുന്നത്. അവസാന ഏഴ് വർഷമാണ് പ്രേമവും വിവാഹവും. ആശാന്റെ പ്രധാനകവിതകളായ ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി,കരുണ എന്നിവയുടെ രചനയും ഇക്കാലത്തു തന്നെ. ഈ കാലഘട്ടമാണ് സിനിമയിൽ ഞാൻ പറയാൻ ശ്രമിക്കുന്നത്.
കുയിലിലെ കഥാപാത്രങ്ങളും പിന്നണിയിലും
പ്രമുഖ കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീവത്സൻ ജെ. മേനോൻ ആണ് കുമാരനാശനായി വേഷമിടുന്നത്. സിനിമയുടെ സംഗീത സംവിധാനവും ഇദ്ദേഹം തന്നെ. കവിതകളും ആലപിച്ചിട്ടുണ്ട്.ഭാര്യ ഭാനുമതിയെ അവതരിപ്പിക്കുന്നത് ഗാർഗി ആനന്ദ്. പത്രാധിപർ മൂർക്കോത്ത് കുമാരനായി മാദ്ധ്യമപ്രവർത്തകൻ പ്രമോദ് രാമനും വേഷമിടുന്നു. സഹോദരൻ അയ്യപ്പനായി രാഹുൽ രാജഗോപാലും അരങ്ങിലെത്തുന്നു.കെ.ജി. ജയൻ കാമറയും കൃഷ്ണനുണ്ണി ശബ്ദലേഖനവും സന്തോഷ് രാമൻ കലാസംവിധാനവും ഇന്ദൻസ് ജയൻ വസ്ത്രാലങ്കാരവും പട്ടണം റഷീദ് ചമയവും നിർവഹിച്ചു.കേരളത്തിന്റെ പഴയകാലം പുനർസൃഷ്ടിക്കുകയെന്നത് ഏറെ വെല്ലുവിളിയായിരുന്നു. ഇതിനായി പലയിടത്തും അലഞ്ഞു. പക്ഷേ മനസിനിണങ്ങിയ ലൊക്കേഷൻ കിട്ടിയില്ല. തൃപ്പുണിത്തുറയ്ക്ക് പടിഞ്ഞാറും അരൂരിന് കിഴക്കുമായി കിടക്കുന്ന പെരുമ്പളം ദ്വീപാണ് ഇതിനായി ഉപയോഗിച്ചത്. അവിടെയും കോൺക്രീറ്റ് കെട്ടിടങ്ങൾ തന്നെയായിരുന്നു പ്രധാന തടസ്സം. ആശാന്റെ തോന്നയ്ക്കലിലെ വീട് അവിടെ സെറ്റിട്ടു. പെരിയാറിന്റെ തീരം. അരുവിപ്പുറം എന്നിവിടങ്ങളിലും ചിത്രീകരിച്ചു.നാല് ഷെഡ്യൂളുകളിലായാണ് ചിത്രം പൂർത്തിയായത്.

ഗുരുവിന്റെ ജാതിയില്ലാവിളംബരത്തിന്റെ ശതാബ്ദി
ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് ഇത്തരമൊരു സിനിമ ചെയ്യാൻ ഊർജം പകർന്നത്. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ നമുക്ക് ജാതിയില്ല എന്ന വിഖ്യാതമായ വിളംബരത്തിന്റെ നൂറാം വാർഷികവേളയിൽ റിലീസ് ചെയ്യണമെന്നാണ് കരുതിയിരുന്നത് . അത് നടന്നില്ല. ഗുരുവിന്റെ ഏറ്റവും പ്രിയ ശിഷ്യനായ കുമാരനാശാനിലൂടെ ജാതിചിന്തയുടെ, സമൂഹത്തിൽ നിലനിൽക്കുന്ന നെറികെട്ട കഥ പറയാനാണ് ഞാൻ ശ്രമിച്ചത്. മലയാളിയുടെ ചിന്താപരമായ വിപ്ളവത്തിൽ ആശാനോളം അഗ്നിപകർന്ന മറ്റൊരാളുണ്ടോ എന്നു സംശയമാണ്. ടാഗോർ ബംഗാളിന് നൽകിയതെന്താണോ അതു തന്നെയാണ് ആശാൻ മലയാളിക്കും നൽകിയത്. നിരൂപകൻ ജോസഫ് മുണ്ടശേരി മാത്രമാണ് ആശാനെ തിരിച്ചറിഞ്ഞ് വിപ്ളവത്തിന്റെ ശുക്രനക്ഷത്രമെന്ന് വിശേഷിപ്പിച്ചത്.
കേരളീയ സമൂഹം ആശാന് അർഹിക്കുന്ന പ്രാധാന്യവും പരിഗണനയും നൽകിയില്ല. അദ്ദേഹം പിന്നാക്ക സമുദായത്തിൽ പിറന്നതു കൊണ്ട് മാത്രമാണ് തഴയപ്പെട്ടത്. കവിതയിലും സാഹിത്യത്തിലും സമൂഹത്തിലും സവർണാധിപത്യം കൊടികുത്തി വാഴുന്ന കാലത്ത് പിന്നാക്ക സമുദായത്തിൽ പിറന്ന ഒരാൾ അക്ഷരത്തിന്റെ പ്രകാശഗോപുരത്തിലെത്തുകയെന്നത് കടുത്ത വെല്ലുവിളി തന്നെയായിരുന്നു. ഇരുപതുവർഷമായി ഞാൻ ആശാനെ കുറിച്ചുള്ള സിനിമയ്ക്ക് പിന്നാലെയുണ്ട്. ആദ്യചിത്രമായ അതിഥി 1974 ലാണ് പുറത്തിറങ്ങിയത്. അക്കാലത്ത് തന്നെ ആശാന്റെ ദുരവസ്ഥയെ അടിസ്ഥാനമാക്കി സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും നടന്നില്ല.
കുടുംബം
ടൂറിസം വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച ഭാര്യ എം. ശാന്തമ്മ പിള്ള എഴുത്തുകാരി കൂടിയാണ്. ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ നിർമ്മാതാവും ഇവർ തന്നെ. ഇവരുടെ ഫാർ സൈറ്റ് മീഡിയ എന്ന ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. മൂത്തമകൻ മനു സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു. ആകാശഗോപുരം എന്ന കെ.പി.കുമാരൻ ചിത്രത്തിന്റെ നിർമ്മാതാവാണ് മനു. രണ്ടാമത്തെ മകൻ ശംഭു ഫിലിപ്പൈൻസിൽ ഇന്ത്യൻ അംബാസഡറാണ്. മകൾ മനീഷ കുടുംബസമേതം ബംഗ് ളൂരുവിൽ താമസിക്കുന്നു.

'കെ.പി കുമാരൻ അറിയപ്പെടുന്നത്സ്വയംവരത്തിന്റെ പേരിലല്ല"
താനും കൂടി സഹകരിച്ച ചിത്രമാണ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരം. രണ്ട് വർഷം കൂടി കഴിഞ്ഞാൽ ചിത്രത്തിന് അമ്പതാണ്ട് പൂർത്തിയാകും. ഇത്രയും കാലം ഇല്ലാതിരുന്ന ആരോപണം തന്നെ ചേർത്ത് അടൂർ പറഞ്ഞത് ശരിയായില്ല. അക്കാലത്ത് എൽ. ഐ.സിയിൽ ജോലിയുണ്ടായിരുന്ന ഞാൻ വരുന്നതും കാത്ത് അടൂർ എന്റെ വീട്ടിനടുത്തുണ്ടാകും. എന്നിട്ട് രാത്രി വൈകും വരെ ഈ സിനിമയെ കുറിച്ച് ചർച്ച ചെയ്യും. ദിവസങ്ങൾ നീളുന്ന ചർച്ചയിൽ നിന്നാണ് സ്വയംവരം പിറക്കുന്നത്. എന്നിട്ടും ആ സിനിമയ്ക്ക് പിന്നിൽ ഞാൻ വെറും കേട്ടെഴുത്തുകാരനായിരുന്നുവെന്ന അടൂരിന്റെ പരാമർശം എന്നെ വല്ലാതെ വേദനിപ്പിച്ചു.
കെ.പി.കുമാരൻ എന്ന ചലച്ചിത്രകാരനെ നിലവിട്ട രീതിയിൽ അവഹേളനാത്മകമായിട്ടാണ് ആ അഭിമുഖത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 'സ്വയംവര"ത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ അദ്ദേഹം ഏതെല്ലാം തരത്തിൽ ക്രിയാത്മകമായി പങ്കെടുത്തിട്ടുണ്ട് എന്നുള്ള കാര്യം അതുമായി ബന്ധപ്പെട്ട, ഇപ്പോൾ ജീവിച്ചിരിക്കുന്ന പലർക്കും അറിയാം. അതിൽ ഇതുവരെ ആർക്കും അഭിപ്രായ വ്യത്യാസമുള്ളതായി എഴുതിയോ പറഞ്ഞോ അറിവുമില്ല. 'സ്വയംവര"ത്തിന്റെ തിരക്കഥാരചനയിൽ പങ്കാളിയായിരുന്ന എന്നെ ഒരു വെറും കേട്ടെഴുത്തുകാരനായി മാത്രം ചിത്രീകരിക്കുകയും എന്റെ പേര് ചിത്രത്തിൽ ചേർത്തത് താൻ ജീവിതത്തിൽ ചെയ്ത വലിയൊരു തെറ്റാണെന്നുമാണ് ആ അഭിമുഖത്തിൽ അടൂർ പറയുന്നത്. ഇത് തന്നെ തരംതാഴ്ത്താനും അവഹേളിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമാണ്.
കെ.പി. കുമാരൻ എന്ന ഫിലിംമേക്കർ അറിയപ്പെടുന്നത് സ്വയംവരത്തിന്റെ പേരിലല്ല. അതിഥി മുതൽ ആകാശഗോപുരം വരെയും ഇപ്പോൾ ഞാൻ ചെയ്യുന്ന ഗ്രാമവൃക്ഷത്തിലെ കുയിലും ഉൾപ്പടെയുള്ള ചിത്രങ്ങളിലാണ് ഞാൻ അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും. സ്വയംവരത്തിന്റെ പേരിൽ എനിക്ക് ഒന്നും വേണ്ട. ഒരു നയാപൈസ പ്രതിഫലമോ പ്രശസ്തിയോ എനിക്ക് കിട്ടിയിട്ടുമില്ല. എല്ലാം ഗോപാലകൃഷ്ണൻ തന്നെ എടുത്തോട്ടെ. എനിക്ക് പരിഭവമില്ല. പക്ഷേ ഇങ്ങനെയുള്ള പരാമർശങ്ങൾ വല്ലാതെ വേദനിപ്പിച്ചു. അതിനൊന്നും മറുപടി അർഹിക്കുന്നില്ല.റോക്ക് എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. അന്നത്തെ രാഷ്ട്രപതി വി.വി. ഗിരിയിൽ നിന്ന് മികച്ച ചിത്രത്തിനുള്ള അവാർഡ് വാങ്ങിക്കാനുള്ള അവസരം എനിക്കുണ്ടായി. അതിനൊന്നും മറുപടി പറയുന്നില്ല.
ആരോ പറഞ്ഞതു കേട്ടാണ് സ്വയംവരത്തിൽ എന്റെ പേര് വച്ചതെന്നാണ് ഗോപാലകൃഷ്ണന്റെ വാദം. അങ്ങനെ ആരെങ്കിലും പറയുന്നതനുസരിച്ച് പേര് വയ്ക്കാൻ കഴിയുമോ? എനിക്ക് റോളില്ലെങ്കിൽ എന്തിനാണ് എന്റെ പേര് വച്ചത്. ഇതെല്ലാം ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാനാണ്. സ്വയംവരത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലും ഇതേ വിവാദങ്ങളുണ്ടായിരുന്നു. ഇപ്പോൾ ഇതാ അമ്പതാം വർഷത്തിൽ എത്തിനിൽക്കുന്ന വേളയിലും അതു തന്നെ ആവർത്തിക്കുന്നു. സർക്കാരിന്റെയും മറ്റും ആഘോഷ പരിപാടികളിൽ നിന്നു തന്നെ അകറ്റി നിറുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഇതൊക്കെ. എനിക്ക് അത്തരം പ്രശസ്തിയും പദവികളും വേണ്ട. കെ.പി. കുമാരൻ എന്ന ചലച്ചിത്രകാരനെ കേരളത്തിന് അറിയാം.