
പുതുനിരയിലെ  ശ്രദ്ധേയ ഗായകൻ കെ.എസ്  ഹരിശങ്കറിന്റെ  പാട്ടുവിശേഷങ്ങൾ....
പ്രശസ്ത സംഗീത കുടുംബത്തിൽ ജനനം. കർണാടക സംഗീതജ്ഞനും തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജ് പ്രിൻസിപ്പലുമായിരുന്നു അച്ഛൻ ഡോ. ആലപ്പുഴ കെ. എസ് ശ്രീകുമാർ. അമ്മ വീണ വിദൂഷി കമല ലക്ഷ്മി. അമ്മയുടെ അമ്മയാണ് പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഒാമനക്കുട്ടി. അകാലത്തിൽ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ എം. ജി രാധാകൃഷ്ണനും ഗായകൻ എം. ജി ശ്രീകുമാറും അമ്മാവൻമാർ. ഒന്നാം ക്ളാസ് മുതൽ ഹരിശങ്കർ മത്സരങ്ങളിൽ പങ്കെടുത്തു. അഥവാ, പങ്കെടുത്തില്ലെങ്കിൽ വീട്ടുകാരും സ്കൂൾ അധികൃതരും ചേർന്ന് പങ്കെടുപ്പിക്കും. സമ്മാനങ്ങൾ വാങ്ങികൂട്ടി സ്കൂൾ പഠന കാലം. തിരുവനന്തപുരം പി. എം. എസ് കോളേജിൽ ബി. ഡി. എസ് പഠനം. കോളേജിൽ പഠിക്കുമ്പോഴും ഹരിശങ്കർ മത്സരാർത്ഥി. കെ. എസ് ഹരിശങ്കർ എന്ന ഗായകന്റെ രക്തത്തിൽ സംഗീതം അലിഞ്ഞു ചേർന്നതാണ്. ഇളയ സഹോദരൻ കെ. എസ്  രവിശങ്കർ വയലിനിസ്റ്റ്. പാടിയ പാട്ടുകൾ എല്ലാം ശ്രദ്ധേയമായതിനാൽ പുതുനിര പിന്നണി ഗായകരിൽ ഹരിശങ്കർ ഒന്നാം സ്ഥാനത്തുണ്ട്. 'തീവണ്ടി "സിനിമയിൽ പാടിയ ജീവാംശമായി എന്ന ഗാനം ഒരുപാട് ആസ്വാദകരെ സമ്മാനിച്ചു.പിന്നേ പാടാൻ നിരവധി സിനിമകൾ വന്നു വിളിച്ചു.ആ വിളി തുടരുകയാണ്.ശശികുമാർ സിനിമ 'കൊമ്പു വച്ച സിങ്കമഡാ" സിനിമയിൽ പാടി ഹരിശങ്കർ തമിഴിലും സാന്നിദ്ധ്യം അറിയിച്ചു. പേസാതെ മൊഴിയേ എന്ന പാട്ട് യുട്യൂബിൽ വൈറലാണ്.
യേശുദാസിനൊപ്പം ആദ്യ ഗാനം പാടാൻ അവസരം ലഭിച്ചല്ലേ?
അഞ്ചു വയസിലാണ് ദാസ് സാറിനൊപ്പം പാടുന്നത്. 'സാഫല്യം" സിനിമയിൽ പാടാൻ വിളിച്ചത് താത്തയാണ്.താത്ത എന്നാണ് ഞാൻ എം. ജി രാധാകൃഷ്ണനെ വിളിക്കുന്നത്. നാലു വരി ഞാൻ പാടി കഴിഞ്ഞാണ് ദാസ് സാർ പാടുന്നത്. ഏറ്റവും മികച്ച തുടക്കം തന്നെ കിട്ടി. പിന്നണി ഗായകനായശേഷം ദാസ് സാറിനു മുൻപിൽ പാടാൻ രണ്ടുമൂന്ന് പ്രാവശ്യം അവസരം ലഭിച്ചു.ദാസ് സാർ എന്റെ കച്ചേരി കേട്ടിട്ടുണ്ട്. കച്ചേരികൾ നന്നായി പോവുന്നുണ്ടല്ലേയെന്ന് കാണുമ്പോൾ ചോദിക്കാറുണ്ട്.

പിന്നണി ഗായകനാവണം എന്നത്  ആഗ്രഹമായിരുന്നോ ?
കർണാടക സംഗീതജ്ഞനാവാൻ ചെറുപ്പം മുതലേ ആഗ്രഹിച്ചു. വീട്ടുകാർക്കും ഇതേ ആഗ്രഹം. സംഗീതം അഭ്യസിക്കുന്നതിനൊപ്പം സ്കൂൾ, കോളേജ് പഠനവും കൊണ്ടു പോയി. ചെറുപ്പം മുതൽ കച്ചേരികൾ ചെയ്യുമായിരുന്നു. പത്തൊൻപതുവയസു വരെ കച്ചേരികൾ മാത്രം. നിരവധി സംഗീതസദസുകളിലും ഫെസ്റ്റിവലുകളിലും പാടി. ബി. ഡി. എസ് പഠനശേഷാണ് സിനിമയിൽ പാടണമെന്ന ആഗ്രഹം ഉണ്ടാവുന്നത്. ഒൗസേപ്പച്ചൻ സർ 'കാരണവർ "സിനിമയിൽ പാടാൻ അവസരം തന്നു. ഷാൻ ചേട്ടന്റെ സംഗീതത്തിൽ 'ഒാർമയുണ്ടോ ഈ മുഖം". തുടർച്ചയായി മൂന്നാലു സിനിമകളിൽ ആ സമയത്ത് പാടാൻ കഴിഞ്ഞു. ട്രാക്ക് അയച്ച് കൊടുത്തും നേരിട്ട് പാടിയും മുൻപോട്ട് പോയി. പതുക്കെ സിനിമകൾ വരാൻ തുടങ്ങി.പിന്നണി ഗായകനാവാൻ കഴിഞ്ഞതും നല്ല പാട്ടുകൾ പാടാൻ സാധിച്ചതും ഭാഗ്യമാണ്.
ഗോപിസുന്ദർ, ബിജിബാൽ, കൈലാസ് മേനോൻ , ജേക്സ് ബിജോയ് . പ്രതിഭാധനരായ സംഗീത സംവിധായകർക്കൊപ്പം തുടക്കത്തിൽ തന്നെ പ്രവർത്തിക്കാൻ കഴിഞ്ഞല്ലേ?
അതും ഒരു ഭാഗ്യമാണ്. ഒാരോരുത്തർക്കും ഒപ്പം ജോലി ചെയ്യുമ്പോൾ ഒാരോ അനുഭവമാണ് . വിദ്യാസാഗർ സാറിനൊപ്പം ജോലി ചെയ്യുമ്പോൾ ലഭിക്കുന്നത് എന്തെന്ന് പറയാൻ വാക്കുകളില്ല. കൈലാസ് മേനോനും എം. ജി.എസിനും (എം. ജയചന്ദ്രൻ) ജേക് സിനുമെല്ലാം ഒാരോ രീതികളാണ്. ബിജിബാൽ ചേട്ടന് വേറൊരു രീതി. ഒാരോ പാഠം പകർന്നു തന്നു ഒാരോരുത്തരും. ഏറ്റവും വലിയ അനുഗ്രഹം ദക്ഷിണാമൂർത്തിസാറിനൊപ്പം ഒരു വർഷം ശിഷ്യനായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ്.

പാട്ടുകാരിലെ ഡോക്ടറോ ഡോക്ടർമാരിലെ പാട്ടുകാരനോ, ഏതാണ് കൂടുതൽ പ്രിയം?
എന്നും സംഗീതംതന്നെയായിരിക്കും ജീവിതം. ഞാൻ എന്ന പാട്ടുകാരനെയാണ് എനിക്ക് ഇഷ്ടം. ഒരു ദിവസം പോലും ഡോക്ടറുടെ ജീവിതംചിലവഴിച്ചിട്ടില്ല. കോളേജിൽ നന്നായി പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു. അന്നും ഇന്നും എന്നും എന്റെ മനസ് നിറയേ പാട്ട് മാത്രം.
ഗായകൻ എന്ന നിലയിൽ ലക്ഷ്യം, ആഗ്രഹം?
നല്ല പാട്ടുകൾ പാടുക എന്നതാണ് ആദ്യ ലക്ഷ്യം. ആ ലക്ഷ്യം തുടരുന്നു.ഇനിയും മികച്ച സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കണം. പാടുന്ന പാട്ടുകൾ ആസ്വാദകർക്ക് ഇഷ്ടപ്പെടണം. ആ പാട്ടുകൾ മറ്റുള്ളവർ പാടി നടക്കണം. ലൈവ് പ്രോഗ്രാമുകളും കച്ചേരികളും ഗസലുകളും ചെയ്യണമെന്നും ആഗ്രഹമുണ്ട്.
അച്ഛൻ, അമ്മൂമ്മ എന്നിവർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം?
അച്ഛനാണ് ആദ്യ ഗുരു.ഒരുപാട് നല്ല ഗുണങ്ങൾ കാത്തു സൂക്ഷിച്ച വ്യക്തിത്വമാണ് അച്ഛന്റേത്. ധാരാളം ശിഷ്യർ അച്ഛനുണ്ട്. അച്ഛൻ മരിച്ചിട്ട് രണ്ടു വർഷം. അമ്മൂമ്മയും ഗുരുസ്ഥാനീയ തന്നെ. രാവിലെ സാധകം, പുതിയ കീർത്തനം പഠിക്കുകയും യുട്യൂബിൽ കച്ചേരി കേൾക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് അമ്മൂമ്മയുടെ ദിനചര്യ.അച്ഛനും ഞങ്ങൾക്കും വേണ്ടി മാറ്റിവച്ചതാണ് അമ്മയുടെ ജീവിതം. സുഹൃത്തുക്കളും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

മ്യൂസിക് ബാന്റായ 'പ്രഗതി "ഏറെ ശ്രദ്ധേയമായിയല്ലേ?|
ഞാൻ, അഭിഷേക്, അഭിജിത് സുധി, സാഗർ, പ്രഷസ് പീറ്റർ എന്നിവർ ചേരുന്നതാണ് 'പ്രഗതി". പോയവർഷമാണ് കൂടുതൽ പ്രോഗ്രാമുകൾ ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായിരുന്നു പ്രോഗ്രാം. ബോധി, മുക്തി, ഗദി എന്ന മ്യൂസിക് വിഡിയോ ചെയ്തു. ലെന, വാമിക ഗബ്ബി, നൈല ഉഷ എന്നിവരാണ് അഭിനയിച്ചത്. ഇതിൽ രണ്ടെണ്ണം റിലീസ് ചെയ്തു.നല്ല പ്രതികരണമാണ് ലഭിച്ചത്. അടുത്തത് ഉടൻ ഉണ്ടാവും. വീണ്ടും പാട്ടുകൾ ചെയ്യുന്നുണ്ട്.
കുടുംബനാഥനായ കെ. എസ് ഹരിശങ്കറുടെ വിശേഷങ്ങൾ ?
ഭാര്യ ഡോ. ഗാഥ.കോളേജിൽ ഞങ്ങൾ രണ്ടുപേരും ഒരേ ക്ളാസിൽ പഠിച്ചവർ.നാലു വർഷം പ്രണയിച്ചു. ഗാഥ പാടാറില്ല.പാട്ട് ഇഷ്ടമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആൾ. ഗാഥ നൽകുന്ന പിന്തുണ വളരെ വലുതാണ്.