
വേദനയിൽ നിന്ന് പുതുജീവിതത്തിലേക്ക് ജീവിതത്തിലേക്ക്. ആ നാളുകൾ മഞ്ജിമ മോഹന്  മറക്കാൻ കഴിയില്ല....
ചെന്നൈയിലെ വീട്ടിൽ ലോക്കാണ് മഞ്ജിമ മോഹൻ. എന്നാൽ ചാടുകയും ഒാടുകയും നടക്കുകയും ചെയ്യുന്നുണ്ട്. മുടങ്ങാതെ ജോഗിംങും വ്യായാമവും. വീണു പോവുമെന്ന പേടി ഇപ്പോഴില്ല.ഒരു വർഷം മുൻപ് ഇതായിരുന്നില്ല സ്ഥിതി.മൂന്നു മാസം കഴിച്ചുകൂട്ടിയത് ചക്രകസേരയിലും കിടക്കയിലും. അഭിനയവും നൃത്തവും എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരുമെന്നുവരെ കരുതിയ നാളുകൾ. എല്ലാത്തിനും വിട. അപ്പോഴാണ് ലോക് ഡൗൺ എത്തിയത്. ഏഴുമാസമായി മഞ്ജിമ തിരുവനന്തപുരത്തെ വീട്ടിൽ വന്നിട്ട്.വീട്ടുകാരെ കാണാതെ ഇത്രയും നാൾ കഴിയുന്നത് ഇതാദ്യമാണ്. എന്നാൽ ചെന്നൈ നഗരം എപ്പോഴും മഞ്ജിമയെ സന്തോഷവതിയാക്കുന്നു. മഞ്ജിമ എന്ന പെൺകുട്ടിയെ വളർത്തിയ നഗരം. കോളേജ് ഒാർമകളാണ് ആദ്യ സെൽഫി. പിന്നേ പതിഞ്ഞത് 'ഒരു വടക്കൻ സെൽഫി'യുടെ തിളക്കം. ബാലതാരമായി ഒരുപാട് സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകൾ അന്നാണ് ആദ്യമായി നമ്മുടെ നായികയാവുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകൾ.'ഒരു വടക്കൻ സെൽഫി"യുടെ ചിത്രീകരണം അധികവും ചെന്നൈയിലായിരുന്നു.അതേ ചെന്നൈ നഗരമാണ് മഞ്ജിമയുടെ മുന്നിൽ. 'ഒരു വടക്കൻ സെൽഫി"ക്ക് അഞ്ച് വയസ്. മഞ്ജിമ മോഹന്റെ നായിക പ്രവേശനത്തിനും .
ജീവിതം തിരികെ പിടിച്ചപ്പോൾ ലഭിച്ച സന്തോഷത്തിന് അതിരുകളില്ലെന്ന് എത്രവട്ടം തോന്നി ?
ആ സന്തോഷമാണ് എന്റെ മുഖത്ത് ഇപ്പോൾ കാണുന്നത്. ജീവിതത്തിൽ ഏറെ വെല്ലുവിളി നേരിട്ട നാളുകളായിരുന്നു അത്. വീടിന്റെ ഗേറ്റ് തട്ടി ഇടതുകാലിന്റെ ഉപ്പൂറ്റി ഭാഗത്ത് ഒരു ചെറിയ മുറിവ് ഉണ്ടായി.രണ്ടാഴ്ച വിശ്രമം വേണ്ടിവരുമെന്ന് കരുതി. വിവരം ചേട്ടനോട് മാത്രം പറഞ്ഞു. സ്റ്റിച്ച് നീക്കം ചെയ്തപ്പോൾ കാലിന് അസഹ്യമായ വേദന . നടക്കാൻ കഴിയുന്നില്ല. ഉപ്പൂറ്റി ഭാഗത്തെ മുറിവായതിനാൽ ഇനി നടക്കാൻ കഴിയുമോയെന്ന് പേടിച്ചു.നമ്മുടെ ശരീര ഭാരം നിയന്ത്രിക്കുന്ന ഇടമാണല്ലോ ഉപ്പൂറ്റി. വീണ്ടും വേദന കൂടിയതോടെ അപ്പോളോ ആശുപത്രിയിലെ ഡോക്ടർ ദൊരൈ കുമാറിനെ കണ്ടു .അടിയന്തര ശസ്ത്രക്രിയ വേണമെന്നും അല്ലെങ്കിൽ സ്ഥിതി ഗുരുതമാവുമെന്നും ഡോക്ടർ ഒാർമപ്പെടുത്തി. ആദ്യം ചികിത്സ തേടിയ ആശുപത്രിയിൽ മുറിവേറ്റ ഭാഗം നന്നായി വൃത്തിയാക്കാതെ സ്റ്റിച്ചിട്ടു. മാത്രമല്ല, ഗേറ്റിന്റെ ചെറിയ ഒരു തുരുമ്പ് ക ഷ്ണം നീക്കം ചെയ്തതുമില്ല, മുറിവിൽ പഴുപ്പുണ്ടായതിനെ തുടർന്നാണ് വേദന അനുഭവപ്പെട്ടത്.ജീവിതത്തിൽ ആദ്യമാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്നത്.ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കാലിന് നല്ല വേദന. സിനിമയും നൃത്തവും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവുമെന്ന് തോന്നി. മറ്രൊരു ഇടം തേടണമെന്നുപോലും ചിന്തിച്ചു. മൂന്നുമാസം നടക്കാൻ കഴിയില്ലെന്ന് ഡോക്ടർ ദൊരൈ കുമാർ ആദ്യമേ പറഞ്ഞിരുന്നു. അത് എന്നെ തളർത്തി. വാക്കറിലും ചക്രകസേരയിലുമായി പിന്നത്തെ ജീവിതം. ഇങ്ങനെ കഴിയുന്നവരെ ഞാൻ കണ്ടിട്ടുള്ളത് സിനിമയിൽ മാത്രം. തളർന്നു പോയ ആ അവസ്ഥയിൽ അച്ഛനും അമ്മയും ആശ്വാസം പകർന്നു. ചേട്ടനും എന്റെ കൂട്ടുകാരും ഒപ്പം നിന്നു. സാവധാനം സാധാരണ ജീവിതത്തിലേക്ക് വരാൻ തുടങ്ങി.നൃത്തം ചെയ്യാൻ ഇപ്പോഴും തുടങ്ങിയിട്ടില്ല.

ആസമയത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലെല്ലാം ചിരി തൂവി വാക്കർ സഹായത്തോടെ നിൽക്കുന്ന മഞ്ജിമയെയാണ് കണ്ടത്?
ആത്മവിശ്വാസം വീണ്ടെടുത്ത സമയം മുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു തുടങ്ങി. മൂന്നു മാസം കഴിഞ്ഞപ്പോൾ തമിഴ് ചിത്രമായ എഫ്. െഎ.ആറിൽ അഭിനയിച്ചു തുടങ്ങി. വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് പോയത്. ആദ്യ ദിവസം എടുത്തത് നടന്നുവരുന്ന സീൻ. ആ സിനിമയുടെ ആളുകൾ എനിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു ചിത്രീകരണം തുടങ്ങാൻ. ഇനി ഡബ്ബിംഗ് കൂടി ബാക്കിയുണ്ട്. ആത്മവിശ്വാസം കൈവരിച്ചാൽ ജീവിതത്തിൽ എന്തും നേടാൻ കഴിയും. ഇടയ്ക്ക് ഒന്നു വീണു എഴുന്നേൽക്കുന്നത് നല്ലതാണ്.
ചെന്നൈ നഗരം മഞ്ജിമ എന്ന പെൺകുട്ടിക്ക് എന്താണ് തിരികെ നൽകിയത്?
ഇന്ന് കാണുന്ന മഞ്ജിമയെ പാകപ്പെടുത്തിയെടുത്തതിൽ ചെന്നൈ നഗരം വലിയ പങ്കു വഹിച്ചു. ചെന്നൈയിൽ വന്നിട്ട് പത്തുവർഷം കഴിഞ്ഞു. സ്റ്റെല്ല മേരീസ് കോളേജിൽ ഡിഗ്രി പഠനത്തിനാണ് ചെന്നൈയിൽ വരുന്നത്. പതിനെട്ടു വർഷം വീട്ടുകാരോടൊപ്പമായിരുന്നു. ചെന്നൈയിൽ പഠിക്കണമെന്ന് പറഞ്ഞപ്പോൾ ആദ്യം അച്ഛൻ നടുങ്ങി. ഒറ്റയ്ക്ക് എന്നെ കൊണ്ടു എല്ലാം ചെയ്യാൻ പറ്റുമോ എന്നായിരുന്നു അച്ഛന്റെ ചിന്ത. എന്നാൽ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു.സ്വതന്ത്രമായ ജീവിതം. ആ നാളുകൾ എന്നെ ജീവിതം പഠിപ്പിച്ചു. ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ തുടങ്ങി.ബുദ്ധിമുട്ട് നന്നായി മനസിലാക്കി വളർന്നാൽ മാത്രമേ ജീവിതത്തിൽ മുന്നേറാൻ കഴിയുവെന്ന് അച്ഛൻ പറയാറുണ്ട്. അത് എനിക്ക് ചെന്നൈ നഗരത്തിൽനിന്ന് പഠിക്കാൻ സാധിച്ചു. ആദ്യ ഒന്നുരണ്ടു വർഷം നന്നായി ബുദ്ധിമുട്ടി. ഭാഷ പ്രശ്നമായിരുന്നു.സുഹൃത്തുക്കൾ ആരുമില്ല. പിന്നീട് ഭാഷ പഠിച്ചു. ഇവിടെ നല്ല സുഹൃത്തുക്കളെ ലഭിച്ചു. കോളേജ് ജീവിതവും ഒരുപാട് കാര്യം പഠിപ്പിച്ചു. പോസിറ്റീവ് എനർജി നൽകുന്ന നഗരമാണ് ചെന്നൈ. കേരളവും ചെന്നൈയുമാണ് എന്റെ പ്രിയനഗരങ്ങൾ. മറ്റൊരു സ്ഥലത്ത് ഷൂട്ടിന് പോവുമ്പോൾ താമസിക്കുന്നതല്ലാതെ സ്വന്തം ഇടമെന്ന തോന്നൽ ഉണ്ടാവാറില്ല.

ലോക് ഡൗൺ കഴിഞ്ഞാൽ ആദ്യ ചെയ്യുന്നത് എന്തായിരിക്കുമെന്ന് തീരുമാനിച്ചോ?
അച്ഛനെയും അമ്മയെയും കാണാൻ തിരുവനന്തപുരത്തിന് പോവാനാണ് ആദ്യ യാത്ര. ലോക് ഡൗൺ പിൻവലിച്ചാൽ ഉടൻ യാത്ര ഉണ്ടാവില്ല. സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സ്ഥിതി ഉണ്ടായ ശേഷമേ പുറപ്പെടൂ. കുറച്ചു ദിവസം അച്ഛന്റെയും അമ്മയുടെയും അടുത്തു നിൽക്കണം. ഇപ്പോൾ ദിവസവും രണ്ടുമൂന്നു പ്രാവശ്യം വിളിക്കാറുണ്ട്. ഈസമയത്ത് അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കാൻ കഴിയുന്നത് വലിയ കാര്യമായിരുന്നു. ഒരുപാട് പേർക്ക് അതിനു കഴിയാതെ വരുന്നു. നിർഭാഗ്യവശാൽ ഞാനും അതിൽ പെടുന്നു.വീണ്ടും സിനിമയിൽ അഭിനയിച്ചു തുടങ്ങണം. ഇനി എപ്പോഴാണ് അതു ഉണ്ടാവുക എന്നു അറിയില്ലല്ലോ.
നിവിൻ പോളി, നാഗചൈതന്യ, ഉദയനിധി സ്റ്റാലിൻ,വിക്രം പ്രഭു. വീണ്ടും ഇവരുടെ സിനിമയിലേക്ക് ഒരേസമയം വിളി വന്നാൽ ആരോടെപ്പമായിരിക്കും ആദ്യം അഭിനയിക്കുക?
അങ്ങനെ വന്നാൽ അല്പം ബുദ്ധിമുട്ടാണ്.എന്നാലും തിരക്കഥയ്ക്ക് തന്നെയാണ് ആദ്യ പരിഗണന. എന്റെ കഥാപാത്രത്തിന്റെ പ്രാതിനിധ്യം നോക്കും. നായകൻ ആരെന്ന് നോക്കി ഇതേവരെ സിനിമ ചെയ്തില്ല. നിവിൻ വിളിക്കുകയും നല്ല തിരക്കഥ തരികയും ചെയ്താൽ തീർച്ചയായും അഭിനയിക്കും. ഒരു വടക്കൻ സെൽഫിയിലും മിഖായേലിലും നിവിനൊപ്പം അഭിനയിച്ചു.നിവിന്റെ സിനിമയിൽ അതിഥി വേഷമാണെങ്കിൽ പോലും ചെയ്യും.അതു ഞങ്ങൾ തമ്മിലുള്ള സൗഹൃദമാണ്. നാഗചൈതന്യയുടെ നായികയായാണ് തെലുങ്കിൽ ആദ്യം അഭിനയിക്കുന്നത്. ഉദയ നിധി സ്റ്റാലിനും വിക്രം പ്രഭുവിനും ഒപ്പം ഒരേ സമയത്താണ് അഭിനയിക്കുന്നത്. നാഗചൈതന്യയും ഉദയനിധി സ്റ്റാലിനും വിക്രം പ്രഭവും സിനിമ കുടുംബത്തിൽനിന്നു വന്നവരാണ്. ലാളിത്യം നിറഞ്ഞ പെരുമാറ്റമാണ് അവരുടേത്.

ഗൗതം മേനോൻ എന്ന സംവിധായകന് മഞ്ജിമ എങ്ങനെയാണ് പ്രിയ നായികയാവുന്നത്?
അതിന്റെ ഉത്തരം എനിക്ക് അറിയില്ല. ഞാൻ ഒരുപാട് പ്രാവശ്യം ഗൗതം സാറിനോട് ചോദിച്ചിട്ടുണ്ട്.ഒരു ചിരിയായിരുന്നു അപ്പോൾ മറുപടി. 'അച്ചം എൻപത് മടമയടാ" എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ ഗൗതം സാർ 'ഒരു വടക്കൻ സെൽഫി" കണ്ടിരുന്നില്ല. ഒാഡിഷൻ കഴിഞ്ഞു കാസ്റ്റ് ചെയ്തയശേഷമാണ് സാർ സിനിമ കാണുന്നത്.അതിനു കാരണം ഞാൻ തന്നെയാണ്. ഒരുപാട് ആളുകൾ ട്രോൾ ചെയ്യുന്നെന്നും എനിക്ക് അഭിനയിക്കാൻ അറിയില്ലെന്നും പറയുന്നു.' അച്ചംഎൻപത് മടമയടാ"യിൽ ഞാൻ അഭിനയിക്കണോ എന്നു ഒരു പത്തു പ്രാവശ്യമെങ്കിലും സാറിനോട് ചോദിച്ചിട്ടുണ്ടാവും. അപ്പോഴാണ് സാർ ഒരു വടക്കൻ സെൽഫി കാണുന്നത്. സിനിമ ഇഷ്ടപ്പെടുകയും എന്റെ പോരായ്മ പറഞ്ഞു തരികയും ചെയ്തു. ' അച്ചംഎൻപത് മടമയടാ" കഴിഞ്ഞു സാറിന്റെ തെലുങ്ക് ചിത്രം 'സാഹസം സ്വാസ സഗിപ്പൂ". ഗൗതം സാർ എന്റെ മാർഗദർശിയാണ് . സിനിമ ജീവിതത്തിലും വ്യക്തി ജീവിതത്തിലും.അഭിനയത്തിന്റെ പാഠം പഠിപ്പിച്ച ഗുരു.
മിഖായേലിനുശേഷം മലയാള സിനിമയോട് ബൈ പറഞ്ഞോ?
ഞാൻ ഇതേവരെ ബൈ പറഞ്ഞിട്ടില്ല. മലയാള സിനിമ എന്നോട് ബൈ പറഞ്ഞുവെന്നാണ് തോന്നുന്നത്. 'മിഖായേൽ" തീരെ പ്രതീക്ഷിക്കാതെ വന്ന സിനിമയായിരുന്ന. ആ സിനിമയിൽ എനിക്ക് ചെയ്യാൻ ഒന്നുമില്ലായിരുന്നു. ഈ വിവരം സംവിധായകനും നിർമാതാവും ആദ്യമേ പറഞ്ഞിരുന്നു.ആസമയത്ത് തമിഴ് സിനിമകളുടെ തിരക്കുണ്ടായിരുന്നു. എന്നാൽ മലയാളത്തിൽ വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹിച്ചപ്പോഴാണ്  'മിഖായേൽ" വന്നത്. തമിഴും തെലുങ്കിലും സിനിമ ചെയ്യുന്നതു കൊണ്ടാവാം മലയാളത്തിൽ അവസരം കുറയുന്നതെന്ന് തോന്നുന്നു. ഒരു പക്ഷേ ഞാൻ മലയാളത്തിൽ അഭിനയിക്കില്ലെന്ന് ഇവിടെയുള്ളവർ കരുതുന്നുണ്ടാവും. മലയാളത്തിൽനിന്ന് നല്ല കഥാപാത്രങ്ങൾ എന്താണ് എനിക്ക് വരാത്തതെന്ന് അറിയില്ല.

അച്ഛന്റെ സിനിമയിൽ നായികയായി എപ്പോൾ കാണാൻ കഴിയും?
അച്ഛന്റെ സിനിമയിൽ അഭിനയിച്ചാൽ അതു ഞങ്ങൾ തമ്മിൽ വഴക്കിലേ തീരൂ. അഭിപ്രായ വ്യത്യാസങ്ങളുടെ കൂമ്പാരം ഉണ്ടാകുമെന്ന് ഉറപ്പ്.അച്ഛന്റെ സിനിമയിൽ അഭിനയിക്കില്ലെന്ന് ഞാൻ അച്ഛനോട് തമാശ പറയാറുണ്ട്. സാധാരണ അച്ഛൻമാരോടാണ് പെൺകുട്ടികൾ അവരുടെ അഭിപ്രായം തുറന്നു പറയുക.അച്ഛനാണ് സംവിധായകനെങ്കിൽ കൂടുതൽ അഭിപ്രായം എനിക്കുണ്ടാവും.
ആർക്കും പരിചിതയല്ലാത്ത മഞ്ജിമ മോഹനുണ്ടോ?
അന്തർമുഖയും നാണംകുണുങ്ങിയുമായ വ്യക്തിയാണ് ഞാൻ. പരിചയമില്ലാത്ത ആളുകൾക്ക് ഇടയിൽ പെട്ടാൽ നന്നായി ബുദ്ധിമുട്ടും. ചിലർ ഇതിനെ ജാഡയായും വിചിത്രസ്വഭാവമായും കാണും. എന്നാൽ യഥാർത്ഥ പ്രശ്നം എനിക്ക് മാത്രമേ അറിയൂ. ആരെങ്കിലും ഒരാൾ സംസാരിച്ചു തുടങ്ങിയാൽ ഞാൻ തുടർ വർത്തമാനം പറയും. തുടക്കം ഒരിക്കലും എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. എന്റെ ഈ സ്വഭാവം ആർക്കും അറിയില്ല.