
കലാഭവൻ മണിയുടെ സഹോദരനും, നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച സംഭവത്തിൽ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ദളിത് സമൂഹത്തിൽ നിന്ന് ഒരാൾ മോഹിനിയാട്ടം ചെയ്താൽ തകർന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കിൽ, അത് കേരളത്തിൽ നിരോധിക്കേണ്ടിവരുമെന്നും, ദളിതനെ പൂജാരിയാക്കിയ ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, സർക്കാരിനെ മനപൂർവം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവർത്തിയെ കാണാൻ പറ്റുകയുള്ളുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച രാമകൃഷ്ണൻ എത്രയും വേഗം തിരിച്ചുവരട്ടെയെന്നും ഹരീഷ് പേരടി കുറിച്ചു.
അമിത അളവിൽ ഉറക്ക ഗുളിക ഉള്ളിൽചെന്ന നിലയിൽ ഇന്നലെയാണ് രാമകൃഷ്ണനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഷം കഴിച്ചതെന്നാണ് കരുതിയിരുന്നെങ്കിലും വിശദ പരിശോധനയിൽ ഉറക്കഗുളികയാണെന്ന് തെളിയുകയായിരുന്നു. പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേരള സംഗീത നാടക അക്കാദമിയിൽ ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണൻ അനുമതി തേടിയിരുന്നു. എന്നാൽ അനുമതി നിഷേധിച്ച അധികൃതർ ഇദ്ദേഹത്തെ അധിക്ഷേപിച്ചെന്നാരോപിച്ചു വിവിധ സംഘടനകളുടെ സമരപരിപാടികൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പാവമാണ് ഞങ്ങൾ കണ്ണൻ എന്ന് വിളിക്കുന്ന രാമകൃഷണൻ..മണി മരിച്ചതിനു ശേഷം ജീവിതം ഒരു പാട് പ്രതിസന്ധികൾ നിറഞ്ഞതാണ്...ശാസ്ത്രിയ നൃത്തത്തിൽ ഡോക്ടേറേറ്റുള്ള ജീവിതം മുഴുവൻ നൃത്തത്തിനു വേണ്ടി സമ്മർപ്പിച്ച ജീവിതം വഴിമുട്ടിയ ഈ മനുഷ്യനല്ലാതെ ആർക്കു വേദിയുണ്ടാക്കാനാണ് ഈ അക്കാദമി ..ദളിത് സമൂഹത്തിൽ നിന്ന് ഒരാൾ മോഹിനിയാട്ടം ചെയ്താൽ തകർന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കിൽ മോഹിനിയാട്ടം കേരളത്തിൽ നിരോധിക്കേണ്ടിവരും...ദളിതനെ പൂജാരിയാക്കിയ ഒരു സർക്കാറാണ് കേരളം ഭരിക്കുന്നത്...ഈ സർക്കാറിനെ മനപ്പൂർവ്വം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവർത്തിയെ കാണാൻ പറ്റുകയുള്ളു...കണ്ണൻ എത്രയും പെട്ടന്ന് പൂർണ്ണ ആരോഗ്യത്തോടെ ജീവതത്തിലേക്ക് തിരിച്ചു വരട്ടെ...ബാക്കി പിന്നെ ...