kollam

ഓടനാവട്ടം: ക്ഷയരോഗിയായ ഭർത്താവിനെ റോഡിലുപേക്ഷിച്ച് ഭാര്യ കടന്നുകളഞ്ഞു. വെളിയം കോളനിയിലെ നാൽപ്പത്തെട്ടുകാരനായ മണിയ്ക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ ഒരു മാസക്കാലമായി അയൽവാസികളാണ് മണിയ്ക്ക് ആഹാരമെത്തിക്കുന്നത്. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് റോഡുവിള കോളനിയിലെ രണ്ട് മക്കളുള്ള ഓമനയുമായി ജീവിതം തുടങ്ങിയതാണ് മണി. എന്നാൽ രോഗിയായതോടെ ഓമന ഉപേക്ഷിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇപ്പോൾ റോഡുവക്കിലാണ് മണിയുടെ ജീവിതം. മണിയ്ക്ക് അടിയന്തരമായി ചികിത്സ ലഭിക്കണമെന്നും ഈ അവസരത്തിൽ റോഡിലുപേക്ഷിച്ച ഭാര്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മണിയുടെ അവസ്ഥ ബി.ജെ.പി പ്രവർത്തകർ പൂയപ്പള്ളി പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായി പൊതു പ്രവർത്തകൻ ജെ.കെ സുഭാഷ് പറഞ്ഞു.