mishti-mukherjee

ബംഗളൂരു:ശരീരഭാരം കുറയ്ക്കാൻ കീറ്റോഡയറ്റ് സ്വീകരിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാൽ വൃക്ക തകരാറി​ലായതിനെ തുടർന്ന് പ്രശസ്ത ബംഗാളി നടി മിഷ്തി മുഖർജി അന്തരിച്ചു. ഇരുപത്തേഴുവയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മിഷ്തി തടികുറയ്ക്കാനുളള കീറ്റോഡയറ്റിലായിരുന്നു എന്നും അതിനെ തുടർന്നുളള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.

'വൃക്ക തകരാറിലായി ഒരുപാട് വേദന സഹിച്ചാണ് അവൾ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗർഭാ​ഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ല' എന്നാണ് കുടുംബാംഗങ്ങൾ പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നത്.

അന്നജത്തിൽ നിന്നുള്ള ഉൗർജത്തിന്റെ അളവ് ഗണ്യമായി കുറച്ചും കൊഴുപ്പിൽ നിന്നുളള ഉൗർജത്തിന്റെ അളവ് കൂട്ടിയുളള ഭക്ഷണ ക്രമീകരണമാണ് കീറ്റോ ഡയറ്റ് എന്നറിയപ്പെടുന്നത്. ശാരീരിക പ്രവർത്തനങ്ങളുടെ ആവശ്യത്തിനുളള ഉൗർജത്തിന്റെ അളവ് ലഭിക്കുന്നത് കൊഴുപ്പിൽ നിന്നായിരിക്കും. അന്നജം തീരെ ഉപയോഗിക്കാത്തതി​നാൽ ശരീരത്തിന്റെ ഭാരവും വണ്ണവും കുറയും.ശരീരഭാരം കുറയുമെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. സിനിമാതാരങ്ങൾ ഉൾപ്പെടെ കീറ്റോഡയറ്റ് സ്വീകരിക്കാറുണ്ട്.

നിരവധി ബംഗാളി ചിത്രങ്ങളിൽ അഭിനയിച്ച മിഷ്തി 2012 ൽ 'ലൈഫ് കി തോ ലഗ് ഗയി' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.