
തിരുവനന്തപുരം: ഐഫോൺ വിവാദത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമനടപടിക്ക്. അപകീർത്തികരമായ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പന് നാളെ നോട്ടീസ് അയയ്ക്കും. പരാമർശം പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം. ഡി ജിപിക്ക് ഇതുസംബന്ധിച്ച് നൽകിയ പരാതിയിൽ നടപടികൾ ഉണ്ടാവില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.നിശ്ചിത സമയപരിധിക്കുളളിൽ പരാമർശം ഒഴിവാക്കിയില്ലെങ്കിൽ ഹൈക്കോടതിയെ തന്നെ നേരിട്ട് സമീപിക്കാനും അദ്ദേഹത്തിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
രണ്ടുദിവസം മുമ്പാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് നൽകാൻ അഞ്ച് ഐഫോൺ വാങ്ങിയെന്നും ഇതിലൊന്ന് പ്രതിപക്ഷ നേതാവിന് നൽകിയതെന്നുമുളള വിവരം പുറത്തുന്നത്. ലൈഫ് മിഷനിലെ സി ബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആയിരുന്നു ഈ വെളിപ്പെടുത്തൽ. യൂണിടാക്കിന്റെ പേരിൽ കൊച്ചിയിലെ കടയിൽ നിന്ന് ആറ് ഐ ഫോണുകളാണ്. വാങ്ങിയത്. ഇതിൽ 5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിൽ ഒന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പന്റെ ആരോപണം.എന്നാൽ ആരോപണം ചെന്നിത്തല തളളിയിരുന്നു.