kanyakumari-

കന്യാകുമാരി : പ്രശസ്ത ടൂറിസം കേന്ദ്രമായ കന്യാകുമാരിയിൽ കഴിഞ്ഞ ദിവസം കടൽ ഉൾവലിഞ്ഞത് ജനത്തെ പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഈ പ്രതിഭാസം ആരംഭിച്ചത്. സാധാരണയായി കറുത്തവാവിനും, പൗർണമി ദിവസങ്ങളിലും ചെറിയതോതിൽ വേലിയേറ്റവും വേലിയിറക്കവും ഇവിടെ പതിവാണ്. എന്നാൽ ഇക്കുറി പതിവിലും വ്യത്യസ്തമായി കടൽ പൂർണമായും ഉൾവലിയുകയായിരുന്നു. ഇതേ തുടർന്ന് വിവേകാന്ദപ്പാറവരെ കടൽ കരയായി മാറുകയായിരുന്നു.

രാത്രിസമയങ്ങളിൽ ഇത്തരത്തിൽ പൂർണമായി കടൽ ഉൾവലിയുന്നത് ആദ്യമായിട്ടാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടൽ ഉൾവലിഞ്ഞ ഭാഗത്ത് പിറ്റേദിവസം പതിനൊന്ന് മണിയോടെ തിരിച്ച് വെള്ളം കയറി. ഉച്ചയോടെ തീരം പഴയ സ്ഥിതിയിലാവുകയായിരുന്നു. മൂന്ന് ദിവസം മുൻപും ചെറിയ തോതിൽ കടൽ ഉൾവലിയുന്നത് ശ്രദ്ധയിൽ പെട്ടതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. എന്നാൽ സംഭവത്തിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വേലിയിറക്ക പ്രതിഭാസം മാത്രമാണിതെന്നുമാണ് അധികാരികളുടെ ഭാഷ്യം.