maruti

കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ ആഭ്യന്തര വാഹന വിപണി, കരകയറുന്ന കാഴ്ചയാണ് സെപ്‌തംബറിൽ കണ്ടത്. രാജ്യത്തെ ഭൂരിഭാഗം വാഹന നിർമ്മാതാക്കളും കഴിഞ്ഞമാസം 2019 സെപ്‌തംബറിനേക്കാൾ മികച്ച വില്പനനേട്ടമെഴുതി. കഴിഞ്ഞ ആഗസ്‌റ്റിനെ അപേക്ഷിച്ച്, ഇരട്ടിയിലെറെ വില്പന നേടിയവരുമുണ്ട്.

ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കിയുടെ വളർച്ച സെപ്‌തംബറിൽ 30.8 ശതമാനമാണ്. ലോക്ക്ഡൗണിൽ ഇളവ് ലഭിച്ചതോടെ, ജനജീവിതം മെല്ലെ സാധാരണനിലയിലേക്ക് നീങ്ങുന്നതും വിതരണശൃംഖല മെച്ചപ്പെട്ടതുമാണ് നേട്ടമായത്. ഉത്സവകാലം വിരുന്നെത്താൻ ആഴ്‌ചകൾ ശേഷിക്കേ തന്നെ, വിപണി ഉഷാറായത് വാഹന നിർമ്മാതാക്കൾക്ക് വൻ ആശ്വാസവുമേകുന്നു.

മാരുതിക്കുതിപ്പ്

1.60 ലക്ഷം പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം മാരുതി സുസുക്കി രാജ്യത്തെ ഡീലർഷിപ്പുകളിൽ എത്തിച്ചത്. ഇതിൽ, 1.12 ലക്ഷവും പാസഞ്ചർ വാഹനങ്ങൾ; വർദ്ധന 43.1 ശതമാനം. കമ്പനിയുടെ ഏറെ ജനപ്രിയമായ മിനി, സബ്-കോംപാക്‌റ്റ് മോഡലുകളാണ് അരങ്ങുവാഴുന്നത്.

ജനപ്രിയ താരങ്ങൾ

ഓൾട്ടോ, എസ്-പ്രെസോ, വാഗൺആർ, സ്വിഫ്‌റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയർ, ടാക്‌സി വിഭാഗമായ ടൂർഎസ് എന്നിവ കഴിഞ്ഞമാസം മാരുതിക്ക് വൻ നേട്ടം സമ്മാനിച്ചു.

എസ്-പ്രെസോ

27,246 യൂണിറ്റുകളുടെ വില്പനയാണ് എസ്-പ്രെസോ കഴിഞ്ഞമാസം നേടിയത്. 2019 സെപ്‌തംബറിൽ വില്പന 20,085 യൂണിറ്റുകളായിരുന്നു.

47.3%

സബ്-കോംപാക്‌റ്റ് ശ്രേണിയിൽ 84,213 കാറുകൾ കഴിഞ്ഞമാസം മാരുതി വിറ്റഴിച്ചു; 47.3 ശതമാനമാണ് വളർച്ച.

23,699

യൂട്ടിലിറ്റി മോഡലുകളായ എർട്ടിഗ, എക്‌സ്.എൽ-6, എസ്-ക്രോസ്, വിറ്റാര ബ്രെസ എന്നിവയുടെ വില്പന 10.1 ശതമാനം ഉയർന്ന് 23,699 യൂണിറ്റുകളായി. മിഡ്-സൈസ് സെഡാൻ മോഡലായ സിയസിന്റെ വില്പന പക്ഷേ 1,715 യൂണിറ്റുകളിൽ നിന്ന് 1,535ലേക്ക് താഴ്‌ന്നു.

75,000 കടന്ന്

2019 സെപ്‌തംബർ 30നാണ് ഇന്ത്യൻ നിരത്തിൽ മാരുതി സുസുക്കി എസ്-പ്രെസോ അവതരിച്ചത്. എസ്.യു.വി ശൈലിയിൽ നിർമ്മിച്ച ഈ എൻട്രി-ലെവൽ കാർ ഒരുവർഷം കൊണ്ട് കീഴടക്കിയത് 75,000 ഉപഭോക്തൃ ഹൃദയങ്ങൾ.