സുൽത്താൻ ബത്തേരി: തത്തയേയും മൈനയേയുമൊക്കെ ആളുകൾ വീട്ടിൽ വളർത്താറുണ്ട്, കാക്കയെ വളർത്തുമോ? സാദ്ധ്യത വളരെ കുറവാണ്. പക്ഷേ ബത്തേരിക്കടുത്ത് കൈപ്പഞ്ചേരിയിലെ വടക്കേപ്പുരയിൽ വീട്ടുകാരുടെയെല്ലാം ഓമന ഒരു കാക്കക്കുഞ്ഞ് ആണ്. പേര് 'ക്രാക്ക്സൺ'. ബിരുദ വിദ്യാർത്ഥിയായ അരുൺ കൃഷ്ണയാണ് കാക്ക കുഞ്ഞിന് യോജിച്ച ഒരു പേര് കണ്ടെത്തിയത്.

മൂന്ന് മാസം മുമ്പാണ് കവുങ്ങിന്റെ മുകളിലെ കാക്കക്കൂട്ടിൽ നിന്ന് തൂവലുകൾ മുളച്ച് തുടങ്ങിയ പ്രായത്തിലുള്ള കുഞ്ഞ് ക്രാക്ക്സൺ താഴേയ്ക്ക് വീണത്. അവശനായി കിടന്ന കാക്കക്കുഞ്ഞിനെ അരുണിന്റെ അമ്മ അജിത വീട്ടിലേയ്ക്ക് കൊണ്ടുവന്നു. കട്ടൻ ചായയാണ് പുളളിയുടെ വീക്ക്‌നെസ്സ്, എത്ര കിട്ടിയാലും കുടിക്കും. നൂൽപ്പുട്ടുണ്ടെങ്കിൽ പെരുത്തിഷ്ടം.

crow

ക്രാക്ക്സന്റെ അമ്മയും അച്ഛനുമൊക്കെ പരിസരത്ത് തന്നെ ചുറ്റിപ്പറ്റി നിൽക്കാറുണ്ട്. പക്ഷേ അവരെ കാണുമ്പോൾ കുഞ്ഞ് ക്രാക്ക്സൺ പേടിച്ച് വീടിനകത്തേയ്ക്ക് കയറാറാണ് പതിവ്. അരുണിന്റെ അച്ഛൻ കൃഷ്ണദാസും, അമ്മ അനിതയും സഹോദരങ്ങൾ അഖിലും അഹിനയുമൊക്കെയാണ് ഇപ്പോൾ ക്രാക്ക്സന്റെ കുടുംബം. ക്രാക്ക്സൺ സ്വന്തം അച്ഛനമ്മമാരുടെ അടുത്തേയ്ക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് അരുൺ.