
തിരുവനന്തപുരം: നടൻ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു എന്ന് സോഷ്യൽമീഡിയയിൽ വ്യാജ പ്രചരണം. ഒരു സുഹൃത്തിന്റെ ചിത്രം ചേർത്തുവച്ചാണ് സുരേഷ് വിവാഹിതനാവുന്നു എന്ന് ഒരു ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ടുചെയ്തത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ വാർത്തയ്ക്കെതിരെ അരിസ്റ്റോ സുരേഷ് തന്നെ രംഗത്തെത്തുകയായിരുന്നു. വാർത്തകണ്ട് നിരവധിപേർ വിളിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നീണ്ട കാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതാകാൻ തീരുമാനിച്ചത് എന്നാണ് വാർത്തയിൽ പറഞ്ഞിരുന്നത്. അരിസ്റ്റോസുരേഷിനൊപ്പം ബിഗ്ബോസ് എന്ന റിയാലിറ്റിഷോയിൽ പങ്കെടുത്ത അതിഥി എന്ന യുവതിയുടെ ചിത്രം ചേർത്തുവച്ചായിരുന്നു പ്രചാരണം. സുരേഷിന്റെ അമ്മയെ കാണാൻ അതിഥി എത്തിയപ്പോൾ എടുത്ത ചിത്രമാണ് വാർത്തയിൽ ചേർത്തിരുന്നത്.
സംഭവം ഏറെ വേദനിപ്പിച്ചെന്നും മുമ്പും തനിക്കെതിരെ ഇതുപോലെ വ്യാജ പ്രചരണം നടന്നിട്ടുണ്ടെന്നും പറഞ്ഞ സുരേഷ് എന്നെങ്കിലും താൻ വിവാഹം കഴിക്കും എന്നും വ്യക്തമാക്കി. പക്ഷേ, ഒരു സിനിമ സംവിധാനം ചെയ്തിട്ടായിരിക്കും വിവാഹമെന്നും അദ്ദേഹം സൂചിപ്പിച്ചു.