thar

കൊച്ചി: ഏതാനും ആഴ്‌ചകളായി മഹീന്ദ്ര ആരാധകരുടെ ഹൃദയം ആവേശത്തുടിപ്പിലാണ്. പുതിയ താറിനെ വരവേല്‌ക്കാനുള്ള വെമ്പലാണത്. വില്പനയ്ക്കെത്തും മുമ്പേ ലേലത്തിന് വച്ച ആദ്യ വണ്ടിക്ക് ആരാധകർ വിലയിട്ടത് 1.11 കോടി രൂപവരെ. ഒടുവിലിതാ, ആകാംക്ഷകൾക്ക് ബ്രേക്കിട്ട് മഹീന്ദ്രയുടെ പുതുപുത്തൻ താർ എത്തി.

നേരത്തേ വിപണിയിലെത്തേണ്ടതായിരുന്നു; താളംതെറ്റിച്ചത് കൊവിഡാണ്. പെട്രോൾ, ഡീസൽ പതിപ്പുകൾ ഈ എസ്.യു.വിയ്ക്കുണ്ട്. മുൻ താറുകളെ അപേക്ഷിച്ച്, പൂർണമായും വ്യത്യസ്‌ത മോഡലാണ് 2020 താർ. പെർഫോമൻസ്, സാങ്കേതികവിദ്യ, രൂപകല്‌പന, സുരക്ഷ, സൗകര്യങ്ങൾ എന്നിവയിലെല്ലാം പുതുമ കാണാം.

താറിന്റെ തനത് കാരക്‌ടർ നിലനിറുത്തിക്കൊണ്ടു തന്നെ, പുത്തൻ ചേരുവകളും ചേർത്താണ് പുതിയ പതിപ്പ് നിർമ്മിച്ചിട്ടുള്ളത്. ക്ളാസിക് രൂപകല്‌പനയിൽ കാതലമായ മാറ്റമില്ലെങ്കിലും ആധുനികകാലത്തിന് ഇണങ്ങിയ ഒട്ടേറെ കൂട്ടുകൾ ഇതിൽ കാണാം. ബി.എസ്-6 ചട്ടം പാലിക്കുന്നവയാണ് എൻജിനുകൾ.

ആധുനികവും ആഡംബര ഫീൽ നൽകുന്നതും ഉപഭോക്തൃ സൗഹൃദവുമാണ് അകത്തളം. പുതിയ ഡാഷ് ബോർഡ്, ഏഴിഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനം, മൾട്ടി-കളർ ടി.എഫ്.ടി മിഡ് ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ, പുതിയ റൂഫ്-മൗണ്ടഡ് സ്‌പീക്കറുകൾ, കൺട്രോൾ സ്വിച്ചുകളോട് കൂടിയ സ്‌റ്റിയറിംഗ് വീൽ എന്നിവ പുത്തൻ താറിന് 'ഫ്രഷ് ലുക്ക്" സമ്മാനിക്കുന്നു.

ഉഗ്രൻ സുരക്ഷ

ആഗോള ക്രാഷ് സേഫ്‌റ്റി ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുത്തൻ താറിനെ മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്. ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ് പാളൽ ഇല്ലാതെയുള്ള മികച്ച ബ്രേക്കിംഗ് ഉറപ്പാക്കുന്നു. ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി), ഡ്യുവൽ എയർ ബാഗുകൾ, ഹിൽ അസിസ്‌റ്ര്, റിയർ പാർക്കിംഗ് അസിസ്‌റ്ര്, ഐസോഫിക്‌സ് ചൈൽഡ് സീറ്ര് മൗണ്ട് തുടങ്ങിയവയുമുണ്ട്. മികവുറ്റ സസ്‌പെൻഷനുകളും ടയറുകളും ഇവയ്ക്ക് നല്ല പിന്തുണയുമേകുന്നു.

പെട്രോൾ എൻജിൻ

 എംസ്‌‌റ്റാലിയൻ 150 ടി.ഡി.ജി.ഐ.

 1997 സി.സി

 കരുത്ത് 150 പി.എസ്

 ടോർക്ക് 300-320 എൻ.എം

 ഗിയറുകൾ : 6-സ്‌പീഡ് മാനുവൽ/ഓട്ടോമാറ്റിക്

 4WD ഡ്രൈവ് സംവിധാനം

ഡീസൽ എൻജിൻ

 എംഹോക്ക് 130

 2184 സി.സി

 കരുത്ത് 130 പി.എസ്

 ടോർക്ക് 300 എൻ.എം

 ഗിയറുകൾ : 6-സ്‌പീഡ് മാനുവൽ/ഓട്ടോമാറ്റിക്

 4WD ഡ്രൈവ് സംവിധാനം

നിറഭേദങ്ങൾ

റെഡ് റേജ്, മിസ്‌റ്റിക് കോപ്പർ, നാപ്പോളി ബ്ളാക്ക്, അക്വാമറീൻ, ഗാലക്‌സി ഗ്രേ, റോക്കി ബീജ്.

വിലയും പതിപ്പുകളും

എ.എക്‌സ് ശ്രേണി

 4/6 സീറ്റ് വിഭാഗങ്ങളിലായി പെട്രോൾ, ഡീസൽ മാനുവൽ പതിപ്പുകൾ

 വില ₹9.80-₹12.20 ലക്ഷം

എൽ.എക്‌സ്

 പെട്രോൾ, ഡീസൽ മാനുവൽ പതിപ്പുകൾ

 വില ₹12.49-₹12.95 ലക്ഷം

4WD എൽ.എക്‌സ്

 പെട്രോൾ, ഡീസൽ പതിപ്പുകൾ

 വില ₹13.45-₹13.75 ലക്ഷം

(സോഫ്‌റ്റ് ടോപ്പ്, ഹാർഡ് ടോപ്പ്, കൺവെർട്ടിബിൾ ടോപ്പ് പതിപ്പുകളാണ് പുത്തൻ താറിനുള്ളത്)