post-office-


ലോക്ക്ഡൗണായതോടെ സമൂഹമാദ്ധ്യമങ്ങളിലടക്കം സംരഭകരാകുവാനുള്ള വിവിധ ഇനം ഐഡിയകൾ പറന്നു നടക്കുകയാണ്. മത്സ്യം വളർത്തൽ, മത്സ്യവിൽപ്പന തുടങ്ങിയ ആശയങ്ങൾ ഒന്നാം സ്ഥാനം നേടിയപ്പോൾ ചില വെറൈറ്റി ഐഡിയകളും ഉയർന്ന് വരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് സ്വന്തമായി ഒരു പോസ്‌റ്റോഫീസ് തുടങ്ങിയാലോ എന്ന്... കേട്ടാൽ ആദ്യം ഒരു പറ്റിക്കൽ ടോൺ ആണെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. നമുക്കും പോസ്‌റ്റോഫീസ് ആരംഭിക്കാം, ചെയ്യുന്ന ജോലിക്ക് അനുസരിച്ച് വരുമാനവും ഉറപ്പിക്കാം. എങ്ങനെയെന്നല്ലേ...


പോസ്റ്റാഫീസ് തുടങ്ങാം ഈ ഉപാധികളോടെ

നമ്മുടെ രാജ്യത്തെ മുക്കിലും മൂലയിലും പോസ്റ്റാഫീസുകളുണ്ടെന്നാണ് വയ്പ്. 1.55 ലക്ഷം പോസ്റ്റോഫീസുകളാണ് നമ്മുടെ രാജ്യത്തുള്ളത്. എന്നാൽ ഇപ്പോഴും പോസ്‌റ്റോഫീസ് സേവനം കൈയ്യെത്തും ദൂരെ ലഭിക്കാത്ത നിരവധി ഇടങ്ങളുണ്ട്, അവിടെയൊക്കെയാണ് സ്വകാര്യ മേഖലയിൽ ഫ്രാഞ്ചൈസി ഓഫീസുകൾ തുടങ്ങാൻ ഭാരതീയ തപാൽ വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ പോസ്റ്റൽ ഏജന്റാകാനും കഴിയും. തപാൽ ഉരുപ്പടികൾ നേരിട്ട് എത്തിക്കുന്ന ജോലികൾ തുടർന്നും തപാൽ വകുപ്പ് ചെയ്യും. അതേസമയം പോസ്‌റ്റോഫീസുകളിൽ കൗണ്ടർ വഴി നൽകുന്ന സേവനങ്ങളെല്ലാം ഫ്രാഞ്ചൈസികളിലും ചെയ്യാനാവും. പതിനെട്ട് വയസ് തികഞ്ഞ എട്ടാംക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസമുള്ളവർക്ക് പോസ്‌റ്റോഫീസിനായി അപേക്ഷിക്കാം. എന്നാൽ അപേക്ഷിക്കുന്ന സ്ഥലത്ത് തപാൽ വകുപ്പിന് നേരിട്ട് സേവനം നൽകാനാവില്ലെങ്കിൽ മാത്രമേ ഫ്രാഞ്ചൈസി അനുവദിക്കുകയുള്ളു. ഈ വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോം ഉപയോഗിക്കാം https://www.indiapost.gov.in/VAS/Pages/Content/Franchise-Scheme.aspx

ലഭിക്കുന്ന വരുമാനം ഇങ്ങനെ

സ്റ്റാമ്പുകൾ വിൽക്കുന്നതിലൂടെ അഞ്ച് ശതമാനം കമ്മീഷൻ ലഭിക്കും. ഇതോടൊപ്പം സ്പീഡ് പോസ്റ്റിന് അഞ്ചു രൂപ വീതവും രജിസ്റ്റേർഡ് ഉരുപ്പടികൾക്ക് മൂന്നുരൂപ വീതവും കമ്മീഷൻ ലഭിക്കും. 200 രൂപ വരെയുള്ള മണിഓർഡറുകൾക്ക് മൂന്നര രൂപയും അതിൽ കൂടുതൽ തുകയ്ക്ക് അഞ്ചുരൂപയുമാണ് സ്വകാര്യ വ്യക്തിക്ക് ലഭിക്കുക. പോസ്‌റ്റോഫീസ് ഫ്രാഞ്ചൈസി ആരംഭിക്കുവാനുള്ള പദ്ധതി ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും കേരളത്തിൽ വലിയ ചലനമൊന്നും ഉണ്ടായിട്ടില്ല.
5063 പോസ്‌റ്റോഫീസുകളുള്ള കേരളത്തിൽ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നും സ്വകാര്യ സേവനം വേണ്ടി വരുന്നില്ല എന്നതാണ് കാരണം.