bihar

പാറ്റ്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻ ഡി എ മുന്നണിയിൽ സീറ്റ് ധാരണയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ ഡി യു വും, ബി ജെ പിയും സീറ്റുകൾ തുല്യമായി പങ്കിട്ടെടുക്കാൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്.

ആകെയുള്ള 243 സീറ്റുകളിൽ ജെ ഡി യുവിന് 122 സീറ്റുകളും ബി ജെ പിക്ക് 121 സീറ്റും ലഭിക്കും. ജിതൻറാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ചയ്ക്ക് ജെ ഡി യു വിന്റെ ക്വാട്ടയിൽ നിന്നും രാം വിലാസ് പാസ്വാന്റെ എൽ ജെ പിക്ക് ബി ജെ പിയുടെ ക്വാട്ടയിൽ നിന്നും സീറ്റുകൾ നൽകാൻ തത്വത്തിൽ ധാരണയായി. എന്നാൽ ഏത്രസീറ്റുകളാണ് ഇവർക്ക് നൽകുന്നതെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ഉടൻ തന്നെ ചർച്ചയുണ്ടാവും.

സീറ്റ് വിഭജനം എത്രയും പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എൽ ജെ പി നേതാവ് ചിരാഗ് പാസ്വാൻ ഭീഷണിമുഴക്കിയ സാഹചര്യത്തിലാണ് ഇത്. നിതീഷ് കുമാറുമായി അത്ര നല്ല രസത്തിലല്ല എൽ ജെ പി.

അതേസമയം, പ്രതിപക്ഷമായ ആർ ജെ ഡി നേതൃത്വത്തിലുള്ള മഹാസഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി. തേജസ്വി യാദവാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. ആർ ജെ ഡി 144 സീറ്റുകളിൽ മത്സരിക്കും, കോൺഗ്രസ് 70, സി പി ഐ-എം എൽ 19, സിപിഐ ആറ്, സിപിഎം നാല് എന്നിങ്ങനെയാണ് ധാരണ.

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്.