us

വാഷിംഗ്ടൺ:കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടോ? എങ്കിൽ അമേരിക്കൻ പൗരത്വം നേടാമെന്നത് ഒരിക്കലും നടക്കാത്ത സുന്ദരസ്വപ്നമായി അവശേഷിക്കും. കമ്യൂണിസ്റ്റ് പാർട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാർട്ടിയിലോ അംഗമായവർക്കും അത്തരത്തിലുളള പാർട്ടികളുമായി മറ്റേതെങ്കിലും ബന്ധമുളളവർക്കും ഒരുതരത്തിലും പൗരത്വം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് അമേരിക്ക. കമ്യൂണിസ്റ്റ് ചൈനയുമായുളള ബന്ധം അടുത്തിടെ വഷളായതാണ് അമേരിക്കയുടെ പൊടുന്നനെയുളള തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. അമേരിക്കൻ സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു എസ്‍ സി ഐ എസ്) ആണ് ഇതുസംബന്ധിച്ച് മാർഗനിർദേശം പുറപ്പെടുവിച്ചത്.

പുതിയ തീരുമാനത്തോടെ ചൈനയുമായുളള അമേരിക്കയുടെ ബന്ധം കൂടുതൽ വഷളാവുമെന്നാണ് കരുതുന്നത്. വ്യാപാര പ്രശ്നത്തിലാണ് ചൈനയുമായി അമേരിക്ക ഉരസിത്തുടങ്ങിയത്. തുടർന്ന് കൊറോണ,ഹോങ്കോങിലെ സുരക്ഷാ നിയമനിർമാണം, ഉയിഗുറുകൾക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളിൽ ബന്ധം കൂടുതൽ വഷളായി. കൊവിഡ് ലോകത്ത് വ്യാപിക്കാൻ ഇടയാക്കിയത് ചൈനയാണെന്നായിരുന്നു അമേരിക്കയുടെ നിലപാട്. ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് ലോകാരോഗ്യ സംഘടനയുമായുളള ബന്ധവും അമേരിക്ക ഉപേക്ഷിച്ചിരുന്നു. ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തിലും ചൈനയ്ക്കെതിരെയായിരുന്നു അമേരിക്ക.