
മനുഷ്യമനസിന്റെ താളം നന്നായി തിരിച്ചറിഞ്ഞ മന:ശാസ്ത്രജ്ഞനായിരുന്നു ഒരാഴ്ചമുമ്പ് വിടപറഞ്ഞ ഡോ.പി.എം.മാത്യു വെല്ലൂർ. കേരളത്തിൽ മനോരോഗ ചികിത്സയെ ജനകീയമാക്കിയ അദ്ദേഹം ഏറ്റവുമൊടുവിൽ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു. " ഒരു മരം വളർന്ന് വലിയ വൃക്ഷമാകുന്നു. ഒരു ദിവസം അതും ശിഖരങ്ങൾ വീണും ഇലകൾ പൊഴിഞ്ഞും പട്ടുപോകും. മനുഷ്യനും അതുപോലെ തന്നെ."-കാലത്തിന്റെ യാത്രാഗതിയിൽ ഭൂമിയിൽ വന്നുപോകുന്ന വെറും യാത്രികർ മാത്രമാണ് ഓരോ മനുഷ്യരും എന്ന സത്യം അദ്ദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
തിരുവനന്തപുരത്ത് ചാരാച്ചിറയിലെ വസതിയിൽ വച്ച് അന്ന് കാണുമ്പോൾ ശയ്യാവലംബിയായിരുന്നു ഡോക്ടർ. കിടക്കയിൽ നിന്നെഴുന്നേൽക്കാൻ ഒന്ന് പിടിക്കണം. തലയിണ കട്ടിലിൽ ചാരിവച്ചാണ് ഏറെനേരം സംസാരിച്ചിരുന്നത്. ജീവിതത്തിന്റെ ദീർഘകാലയളവും തിരക്കുകളിൽ മുഴുകിയിരുന്ന ഡോക്ടർ ഏകാന്തതയുടെ മുഹൂർത്തങ്ങളെ ആസ്വദിക്കുകയായിരുന്നു എന്ന് തോന്നാതിരുന്നില്ല. വസതിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ക്ളിനിക്കായ സൈക്കോതെറാപ്പി സെന്ററിന്റെ വാതിൽ അടഞ്ഞുകിടന്നിരുന്നു. എങ്കിലും അപൂർവം ചിലർ അപ്പോഴും ഡോക്ടർ അവിടെയുണ്ടോയെന്ന് അന്വേഷിച്ചു വരുന്നുണ്ടായിരുന്നു. അത് ഡോ.പി.എം.മാത്യു ,വെല്ലൂർ എന്ന പേര് നേടിയെടുത്ത വിശ്വാസ്യതയുടെ മേൽവിലാസത്തിലായിരുന്നു.
ജീവിതത്തെക്കുറിച്ചുള്ള ഡോക്ടറുടെ കാഴ്ചപ്പാടുകൾ അനുകരണീയമായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ചിലത് ഇപ്പോഴും മനസിലുണ്ട്. " ഞാനും ഈ ലോകത്തിന്റെ ഭാഗമല്ലേ? പി.എം.മാത്യു വെല്ലൂരിന് മാത്രമായി എന്തെങ്കിലും പ്രത്യേകതയുണ്ടോ? ഇല്ല. ഇങ്ങനെ കിടക്കേണ്ടി വന്നതിലൊന്നും എനിക്ക് യാതൊരു സങ്കടവുമില്ല. ആ രീതിയിലാണ് ഞാൻ മനസിനെ പാകപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം ജീവിതമെന്ന ഗെയിമിന്റെ ഭാഗമാണ്. ജീവിതമിങ്ങനെയാണ്. ഓരോരോ ഘട്ടങ്ങൾ . അതിന്റെ ഏറ്റക്കുറച്ചിലുകൾ എല്ലാം ഉൾക്കൊണ്ട് നമ്മൾ കടന്നുപോകുന്നു. എല്ലാവരും ഒരുനാൾ പോയേ മതിയാകൂ.ഞാനും പോകണം.പോകാൻ റെഡിയാണ്. " ഡോക്ടർ വളരെ യാഥാർത്ഥ്യബോധത്തോടെ സംസാരിച്ചു.
" മാവേലിക്കരയിൽ നിന്നാണ് ഞാൻ തിരുവനന്തപുരത്ത് വന്നത്. എം.എ.സൈക്കോളജി പഠിച്ചത് കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലും .പിന്നെ ഉപരിപഠനത്തിന് ബാംഗ്ളൂരിലെ നിംഹാൻസിലേക്ക് പോയി. അതുകഴിഞ്ഞ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ഏഴുവർഷം ജോലി ചെയ്തു. അവിടെ ക്ളിനിക്കൽ സൈക്കോളജിസ്റ്റും അദ്ധ്യാപകനുമായിരുന്നു.കേരളത്തിലേക്കു മടങ്ങി വരണമെന്നു തോന്നിയപ്പോഴാണ് വീണ്ടും തിരുവനന്തപുരത്തേക്കു വന്നത്.അവിടെ നിന്നു മടങ്ങുമ്പോൾ പേരിനൊപ്പം വെല്ലൂർ പതിഞ്ഞു. സർവവിജ്ഞാനകോശത്തിൽ അപേക്ഷിച്ചു. ജോലികിട്ടി. അതോടൊപ്പം വീട്ടിൽ രാവിലെയും വൈകിട്ടും പ്രാക്ടീസും തുടങ്ങി. അവിടെ ഞങ്ങളോടൊപ്പം പ്രവർത്തിച്ചിരുന്ന ഒരാൾ പെട്ടെന്ന് മേധാവിയായപ്പോൾ അദ്ദേഹവുമായി പൊരുത്തപ്പെടാൻ പ്രയാസമായി തോന്നി രാജിവയ്ക്കുകയായിരുന്നു. അതോടെ സൈക്കോ തെറാപ്പി സെന്ററിന്റെ പ്രവർത്തനം പകൽ സമയം കൂടി വ്യാപിപ്പിച്ചു."
ആറു പതിറ്റാണ്ടിലേറെ നീണ്ട കാലയളവിൽ വിശ്രമജീവിതത്തിലേക്ക് മടങ്ങും വരെ ഡോക്ടർക്ക് തിരക്ക് കുറഞ്ഞതേയില്ല.
മനശാസ്ത്ര ചികിത്സയിൽ ഡോ.പി.എം.മാത്യു വെല്ലൂർ ഒരു ഇതിഹാസമായിരുന്നു. ചികിത്സയും എഴുത്തും ചോദ്യോത്തര പംക്തിയും അഭിമുഖവുമൊക്കെയായി കാലഘട്ടങ്ങൾ നിറഞ്ഞു നിന്നത് വെറുതെയായിരുന്നില്ല.
തന്നെ സമീപിക്കുന്നവരോട് അധികം വാചകമടിക്കുന്ന പതിവ് ഡോക്ടർക്കില്ലായിരുന്നു.സംഭാഷണം കാര്യമാത്രപ്രസക്തമായിരുന്നു .ഡോക്ടറോട് സംസാരിക്കുമ്പോൾ ആൾക്കാർ വളരെ റിലാക്സ്ഡ് ആകുമായിരുന്നു. ആയിരക്കണക്കിനു കുടുംബങ്ങളാണ് താളംതെറ്റിയ ജീവിതത്തിൽ നിന്ന് ഡോക്ടറുടെ ചികിത്സയിലൂടെ സ്വച്ഛശാന്തമായ ദിനങ്ങളിലേക്ക് മടങ്ങിയെത്തിയത്.
മനുഷ്യർ എപ്പോഴും ദുഖത്തിൽ മുങ്ങുന്നു. ദു:ഖവും സുഖവും ഒരു നാണയത്തിലെന്നപോലെ ജീവിതത്തിന്റെ ഇരുവശങ്ങളാണ്. കൂട്ടുകുടുംബങ്ങളുടെയൊക്കെ കാലമെന്നേ കഴിഞ്ഞു .തുറന്ന് സംസാരിക്കാൻ ഇടങ്ങളില്ല. സ്വകാര്യ ഇടങ്ങളും നഷ്ടമാകുന്നു. മനസിന്റെ സംഘർഷം പലർക്കും നിയന്ത്രിക്കാനാവുന്നില്ല. കൊക്കിലൊതുങ്ങാത്തത് കൊത്താനുള്ള മോഹം. ഒന്നിലും ഒരു തൃപ്തിയില്ല. വല്ലാത്ത ഒാട്ടമാണ്. ഓടിത്തളരുമ്പോഴേക്കും ജീവിതവും അവസാനിച്ചിരിക്കും-ഡോക്ടർ മാത്യു അന്ന് പറഞ്ഞു.
ജീവിതമാകുമ്പോൾ ചെറിയ അപശ്രുതികളൊക്കെ ഉണ്ടാകും. അത് സ്വാഭാവികമാണ്. എന്നാൽ മനസിന്റെ താളമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. അത് തെറ്റരുത് . അന്നത്തെ സംഭാഷണം കേരളകൗമുദിയുടെ വാരാന്ത്യപ്പതിപ്പിൽ മുഖലേഖനമായി പ്രസിദ്ധീകരിച്ചിരുന്നു.