bjp-mla

ലക്നൗ: ഹഥ്‌രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊൻപതുകാരി മരിച്ചതിനു പിന്നാലെ രാജ്യമെങ്ങും വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിംഗ്. നല്ല ഭരണം കൊണ്ടല്ല, സംസ്‌കാരം കൊണ്ടേ പീഡനങ്ങൾ ഇല്ലാതാകൂവെന്നും, പെൺകുട്ടികളെ നന്നായി വളർത്തണമെന്നുമാണ് എം.എൽ.എയുടെ ഉപദേശം.

'പെൺകുട്ടികളിൽ നല്ല മൂല്യങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടതും, സാംസ്‌കാരികമായ ചുറ്റുപാടിൽ വളർത്തേണ്ടതും മാതാപിതാക്കളുടെ കടമയാണ്. ഞാനൊരു അദ്ധ്യാപകൻ കൂടിയാണ്. പീഡനങ്ങൾ നല്ല ഭരണം കൊണ്ടല്ല സംസ്‌കാരം കൊണ്ടാണ് അവസാനിപ്പിക്കാൻ സാധിക്കുക. ജനങ്ങളെ സംരക്ഷിക്കുകയെന്നത് എന്റെയും സർക്കാരിന്റെയും ധർമമാണ്. എന്നാൽ നല്ല മൂല്യങ്ങൾ പഠിപ്പിക്കൽ കുടുംബത്തിന്റെ ധർമമാണ്.'- അദ്ദേഹം പറഞ്ഞു.

ഇതിനുമുമ്പും സുരേന്ദ്ര സിംഗ് വിവാദ പ്രസാതാവനകളുടെ പേരിൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ തീവ്രവാദിയല്ലെന്നും, അദ്ദേഹത്തിനു തെറ്റ് പറ്റിയതാണെന്ന് മുമ്പ് എം.എൽ.എ പറഞ്ഞത് വിവാദമായിരുന്നു.