doctor

തൃശൂർ: ദന്താശുപത്രിയിൽവച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ വലിയകുളങ്ങര വീട്ടിൽ ഡോ.സോന എന്ന മുപ്പതുകാരിയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽവച്ച് സുഹൃത്തും ദന്താശുപത്രിയുടെ പാർട്ണറുമായ മഹേഷ് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം പാവറട്ടി സ്വദേശിയായ ഇയാൾ ഒളിവിലാണ്.

കഴിഞ്ഞ രണ്ട് വർഷമായി സോനയും മഹേഷും ചേർന്നാണ് ദന്താശുപത്രി നടത്തിവരുന്നത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോനയും ബന്ധുക്കളും മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. വയറ്റിലും കാലിലും പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സോനയെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരാതിനൽകിയതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.

ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന സോന കഴിഞ്ഞ രണ്ട് വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ളാറ്റിലായിരുന്നു താമസം. രക്ഷപ്പെട്ട മഹേഷിനുവേണ്ടി അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.