road-construction-

ഇടുക്കി : ഗാന്ധിജയന്തി ദിനത്തിൽ വനത്തിലൂടെ അനധികൃതമായി വഴിവെട്ടിയതിന് 320തോളം പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. പറമ്പിക്കുളം തേക്കടി അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി ഊരുകളിലെ ആദിവാസികൾക്കെതിരെയാണു വനത്തിൽ അതിക്രമിച്ചു കയറിയതിനും മണ്ണു വെട്ടി വനപാത തെളിച്ചതിനും കൊല്ലങ്കോട് വനം റേഞ്ച് ഓഫിസർ കേസെടുത്തത്. ആദിവാസി ഊരുകളിലേക്കെത്താൻ ഇവർക്ക് വഴിയുണ്ടായിരുന്നില്ല, തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് വേണം ഊരുകളിൽ എത്തിയിരുന്നത്. വർഷങ്ങളായുള്ള ഇവരുടെ ആവശ്യം നടപ്പിലാക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. വനത്തിലൂടെ റോഡ് വെട്ടുന്നതിന് പരിസ്ഥിതി നിയമങ്ങൾ എതിരായിരുന്നതാണ് പ്രധാന കാരണം. അതിനാൽ അധികൃതർ മുഖം തിരിച്ചതോടെയാണ് സ്വയം റോഡ് വെട്ടാൻ ആദിവാസികൾ സംഘടിതമായി തീരുമാനിച്ചത്. ഇതിനായി ഗാന്ധിജയന്തി ദിവസം തിരഞ്ഞെടുക്കുകയായിരുന്നു.

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെയോടെ വലിയ സംഘമായി ഇവിടെ എത്തിയ ഊരുകൂട്ടം വഴിവെട്ടാരംഭിക്കുകയായിരുന്നു. ഇതോടെ പൊലീസ് , വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വൻ സംഘം സ്ഥലത്തെത്തുകയും ഊരു മൂപ്പനുമായി എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ സംസാരിക്കുകയും ചെയ്തു. എന്നാൽ ചർച്ചകളിലൊന്നും പിന്മാറാൻ ഒരുക്കമല്ലെന്ന നിലപാടാണ് ആദിവാസികൾ സ്വീകരിച്ചത്. ഇതേ തുടർന്ന് വഴിവെട്ടൽ ജോലികൾ ശനിയാഴ്ചയും തുടരുകയായിരുന്നു. ചെമ്മണാംപതിയിൽ നിന്നു വെള്ളക്കൽത്തിട്ടിനടുത്തുവരെ എത്തിയാണ് റോഡിന്റെ പണി രണ്ടാം ദിവസം അവസാനിച്ചിരിക്കുന്നത്. നടന്ന് പോകുവാൻ ഉപയോഗിച്ചിരുന്ന വഴിയിലെ കാട്ടുചെടികൾ വെട്ടിമാറ്റിയും, കുഴികളിൽ കല്ലുനിരത്തിയുമാണ് നിർമ്മാണ പ്രവർത്തികൾ മുന്നേറുന്നത്. പരിസ്ഥിതിക്കു ദോഷമുണ്ടാക്കാത്ത വനപാത നിർമാണമാണു തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് ആദിവാസികൾ വനം വകുപ്പിന് ഉറപ്പു നൽകുന്നുണ്ട്. എന്നാൽ അനുമതിയില്ലാതെ റോഡ് നിർമാണം തുടർന്നാൽ നടപടിയെടുക്കുമെന്നു തന്നെയാണു വനം വകുപ്പിന്റെ നിലപാട്.