
ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ എത്തുന്ന മമ്മൂട്ടിയിൽ നിന്ന് വാപ്പയ്ക്ക് അറിയാനുണ്ടായിരുന്നത് സിനിമാ വിശേഷങ്ങളെക്കാൾ മോഹൻലാലിന്റെ വിശേഷങ്ങളായിരുന്നെന്ന് മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി. 'ഇബ്രൂസ് ഡയറി ബൈ ഇബ്രാഹിംകുട്ടി' എന്ന വ്ലോഗിലൂടെയാണ് ഇബ്രാഹിംകുട്ടി ഓർമ്മകൾ പങ്കുവച്ചത്.
'എത്ര കണ്ടാലും മതി വരാത്ത, കൊതി തീരാത്ത പിന്നെയും മോഹിപ്പിക്കുന്ന രീതികൾ ഉള്ളയാളാണ് മോഹൻലാൽ.ഒരു പക്ഷേ കേൾക്കുന്ന നിങ്ങൾ അതിശയമായോ അവിശ്വസനീയമായോ തോന്നാം. പണ്ട് ഇച്ചാക്ക ഷൂട്ടിംഗ് കഴിഞ്ഞ് മദ്രാസിൽ നിന്നും വരുമ്പോൾ ഞങ്ങൾ എല്ലാവും കാത്തിരിക്കും. രാത്രി വൈകി ആകും വരുന്നത്. വാപ്പ ഉമ്മയോട് പറഞ്ഞ് ഇച്ചാക്കയ്ക്ക് ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കികും.ഇച്ചാക്ക വന്ന് കഴിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ച് കഴിക്കാനിരിക്കും.അതൊക്കെ കഴിഞ്ഞ് വാപ്പ ഇച്ചാക്കയോട് വിശേഷങ്ങൾ തിരക്കും. ഏതാ സിനിമയെന്ന് വാപ്പ ചോദിക്കാറില്ല.
വാപ്പ പലപ്പോഴും ചോദിക്കുക ഒരു കാര്യമാണ്. ലാൽ നിന്റെ കൂടെ ഉണ്ടായിരുന്നോ എന്ന്. ഇച്ചാക്ക പറയും മദ്രാസിൽ ഉണ്ട് വേറെ ഏതോ പടത്തിന്റെ ഷൂട്ടിംഗിലാണ് എന്ന്. അപ്പോ വാപ്പ പറയും അവന്റെ വീട്ടിലും അച്ഛനും അമ്മയും അവനെയും കാത്തിരിക്കുന്നുണ്ടാവും അല്ലേ, ഞങ്ങൾ നിന്നെ നോക്കി ഇരിക്കും പോലെ. അത്രയ്ക്ക് ഇന്റിമസിയോടെയാണ് വാപ്പ മോഹൻലാലിനെ കുറിച്ച് സംസാരിക്കുക.'