കൊച്ചി: കൊവിഡ് കാലത്ത് ജനം ഏറെ വാങ്ങിക്കൂട്ടിയ ഉത്പന്നം ഏതെന്ന് ചോദിച്ചാൽ മാസ്‌ക് ഒഴിച്ചുനിറുത്തിയാൽ ഉത്തരമൊന്നേ കാണൂ, ഹാൻഡ് സാനിറ്റൈസർ! കൊവിഡിന് മുമ്പ് സമ്പന്നരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും മാത്രമായിരുന്നു സാനിറ്റൈസറിന്റെ ഉപഭോക്താക്കൾ.
കൊവിഡിനെതിരായ വാക്‌സിൻ ഇനിയും വികസിപ്പിച്ചിട്ടില്ലാത്തതിനാൽ പ്രതിരോധത്തിന് ഏറ്റവുമധികം ഉപയോഗപ്പെടുന്നത് സാനിറ്റൈസറാണ് എന്ന് ഏവരും കരുതുന്നു. ലോകത്ത് സാനിറ്റൈസർ ഏറ്റവുമധികം വിറ്റഴിയുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ഇപ്പോൾ ഇന്ത്യ. കൊവിഡ് കേസുകളും ഒപ്പം ജാഗ്രതയും കൂടിയതാകാം കാരണമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ കൊവിഡ് കേസുകൾ ഏറെ റിപ്പോർട്ട് ചെയ്യുന്ന കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളാണ് സാനിറ്റൈസർ വില്പനയിൽ മുന്നിട്ടുനിൽക്കുന്നത്.
വിപണി പിടിക്കാൻ
കിടമത്സരം
കൊവിഡിന് മുമ്പ് റെക്കിറ്റ് ബെങ്കൈസറിന്റെ ഡെറ്റോൾ, ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ലൈഫ്ബോയ്, ഹിമാലയയുടെ പ്യുവർ ഹാൻഡ് എന്നിവയായിരുന്നു സാനിറ്റൈസർ വിപണിയിലെ അതികായർ. 85 ശതമാനമായിരുന്നു ഇവയുടെ വിപണി വിഹിതം. ഇപ്പോൾ മറ്റ് ഒട്ടേറെ എഫ്.എം.സി.ജി കമ്പനികളും പ്രാദേശിക ബ്രാൻഡുകളും സംഘടനകളും നിർമ്മാണം തുടങ്ങിയതോടെ ഇവയുടെ വിപണി വിഹിതം 50 ശതമാനത്തിന് താഴെയായി.
പുതുമുഖങ്ങൾ ധാരാളം
മാർച്ചിൽ മാത്രം 150ലേറെ പുതിയ സാനിറ്റൈസർ ബ്രാൻഡുകൾ ഇന്ത്യയിൽ വിപണിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞത് 60 ശതമാനം ആൽക്കഹോൾ അടങ്ങിയതും 99.9 ശതമാനം അണുക്കളെ നശിപ്പിക്കുന്നതുമായ സാനിറ്റൈസറുകൾക്കാണ് ഡിമാൻഡ് കൂടുതൽ.
 പ്രമുഖ എഫ്.എം.സി.ജി കമ്പനികളാ ഐ.ടി.സി., ഇമാമി ലിമിറ്റഡ്, ജ്യോതി ലാബ്‌സ്, മദ്യനിർമ്മാണ കമ്പനിയായ ഡിയാജിയോ, വിപ്രോ, ഏഷ്യൻ പെയിന്റ്‌സ്, ജെ.എസ്.ഡബ്ള്യു പെയിന്റ്സ് തുടങ്ങിയവയും കൊവിഡ് കാലത്ത് സാനിറ്റൈസർ നിർമ്മാണം തുടങ്ങി.
 ഇപ്പോൾ ഐ.ടി.സിയുടെ മൊത്തം വില്പനയിൽ 30 ശതമാനം സാനിറ്റൈസർ ഉൾപ്പെടുന്ന പേഴ്‌സണൽ കെയർ വിഭാഗത്തിൽ നിന്നാണ്.
₹160
കൊവിഡിന് മുമ്പ് സാനിറ്റൈസർ ലിറ്ററിന് ആയിരം രൂപയ്ക്ക് മേലായിരുന്നു വില. ഇപ്പോൾ ഇത് ശരാശരി 160 രൂപയായിട്ടുണ്ട്.
₹4,500 കോടി
നിലവിൽ ഇന്ത്യൻ സാനിറ്റൈസർ വിപണിയുടെ വില്പനമൂല്യം 4,500 കോടി രൂപയാണെന്നാണ് വിലയിരുത്തൽ. 2019നേക്കാൾ 73.8 ശതമാനമാണ് വർദ്ധന.
വില്പനമൂല്യം മുൻവർഷങ്ങളിൽ
 2012 : ₹877 കോടി
 2014 : ₹1,400 കോടി
 2016 : ₹1,645 കോടി
 2018 : ₹2,200 കോടി
 2019 : ₹2,570 കോടി
 2020 : ₹4,500 കോടി
പ്രതിവർഷം ശരാശരി 10-15% വളർച്ചയോടെ, 2025ൽ വില്പനമൂല്യം 6,000 കോടി രൂപ കവിയുമെന്ന് വിലയിരുത്തപ്പെടുന്നു.
ആളോഹരി ചെലവ്
(സാനിറ്റൈസർ വാങ്ങാൻ ഇന്ത്യക്കാരൻ ശരാശരി ചെലവിട്ട തുക)
2012 : ₹6
2014 : ₹9
2018 : ₹16
2019 : ₹19
2020 : ₹32
(2025ൽ ഇത് 42 രൂപയായേക്കും)
''ആരോഗ്യ സംരക്ഷണത്തിൽ ജനത്തിന് കൂടുതൽ ജാഗ്രത ഉണ്ടാകാൻ കൊവിഡ് വഴിയൊരുക്കിയിട്ടുണ്ട്. ഏതാനും വർഷങ്ങൾ കൂടി മാസ്‌കും സാനിറ്റൈസറും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും. കൂടുതൽ ജാഗ്രതയുള്ളവർ തുടർന്നും അവ ഉപയോഗിച്ചേക്കാം"
ഡോ. ഹരീഷ് പിള്ള,
സി.ഇ.ഒ, ആസ്‌റ്റർ ഹോസ്‌പിറ്റൽസ്