missile-

ലണ്ടൻ : സൈന്യവുമായി തനിക്കുള്ള ബന്ധം ദൃഢമായിരുന്നു എന്ന് തെളിയിക്കുവാൻ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ വീമ്പ്പറച്ചിൽ പാകിസ്ഥാന് കുരുക്കായേക്കും. പാകിസ്ഥാന്റെ നിലവിലെ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കൂടിച്ചേർന്ന് ഒരു കൂട്ടായ്മയ്ക്ക് ആഴ്ചകൾക്ക് മുൻപ് രൂപം കൊടുത്തിരുന്നു. ഈ മീറ്റിംഗിൽ വീഡിയോ കോൺഫറൻസ് മുഖേന പ്രസംഗിച്ച സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാക് സൈന്യത്തെ നിശിതമായി വിമർശിച്ചിരുന്നു. പാകിസ്ഥാൻ സർക്കാരിന് മുകളിൽ പ്രവർത്തിക്കുന്ന മറ്റൊരു സർക്കാരാണ് പാക് സൈന്യം എന്നാണ് അദ്ദേഹം വിമർശിച്ചത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം അദ്ദേഹം സൈന്യത്തിന് നേരെയുള്ള വാക്കുകൾ മയപ്പെടുത്തുകയും തന്റെ ഭരണകാലത്ത് സൈന്യവുമായി മികച്ച ബന്ധമായിരുന്നു എന്ന് ചില സംഭവങ്ങൾ എടുത്ത് കാട്ടി വിശദീകരിക്കുകയും ചെയ്തു.

സൈന്യവുമായുള്ള ബന്ധത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടയിൽ അമേരിക്കൻ മിസൈലിൽ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ തങ്ങൾ മിസൈൽ ടെക്‌നോളജി സ്വന്തമാക്കിയതിനെ കുറിച്ച് വിശദീകരിച്ചതാണ് ഇപ്പോൾ പാകിസ്ഥാന് കുരുക്കാവുന്നത്. അൽക്വയ്ദയ്‌ക്കെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചപ്പോൾ പ്രയോഗിച്ച ക്രൂയിസ് മിസൈലുകളിൽ ഒരെണ്ണം പ്രവർത്തിക്കാതെ ബലൂച് പ്രവിശ്യയിൽ നിന്നും കണ്ടെടുത്തതായും അതിൽ റിവേഴ്സ് എഞ്ചിനീയറിംഗ് നടത്തിയാണ് തങ്ങൾ പുതിയ മിസൈലുകൾക്ക് രൂപംനൽകിയതെന്നും നവാസ് ഷെരീഫ് പറയുന്നത്. വെറുമൊരു വീമ്പിളക്കലിന് അപ്പുറം ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടെന്ന് കരുതാനാവില്ല. പാകിസ്ഥാൻ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല.

വേൾഡ് ട്രേഡ് സെന്ററിൽ 2001ൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി അമേരിക്ക അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ യുദ്ധമാരംഭിച്ചപ്പോൾ പാകിസ്ഥാൻ കലവറയില്ലാത്ത പിന്തുണ അമേരിക്കയ്ക്ക് നൽകിയിരുന്നു. എന്നാൽ രഹസ്യമായി തീവ്രവാദികളെയും സഹായിച്ചു. പാക് പിന്തുണയ്ക്ക് പകരമായി അത്യാധുനിക ആയുധങ്ങൾ തീവ്രവാദ വിരുദ്ധ വേട്ടയ്ക്കായി അമേരിക്കയിൽ നിന്നും സ്വന്തമാക്കുകയും ചെയ്തു. എന്നാൽ നിലവിൽ ചൈനയുമായുള്ള പാക് ബന്ധം ദൃഢമാണ്. ഈ അവസരത്തിലാണ് നവാസ് ഷെരീഫിന്റെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. ചൈന വികസിപ്പിച്ച വിമാനങ്ങളടക്കമുള്ള ആയുധങ്ങൾ പാശ്ചാത്ത്യ ലോകത്തെ ആയുധങ്ങളിൽ നിന്നും കടമെടുത്തതോ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ സ്വന്തമാക്കിയതോ ആണെന്ന ആരോപണം ശക്തമാണ്.

നിലവിൽ ഭീകരപ്രവർത്തനത്തിന്റെ ഉറവിടം എന്ന പേര് ചുമക്കുന്ന പാകിസ്ഥാന് ലോക രാജ്യങ്ങൾ ആയുധം വിൽക്കുവാൻ മടികാട്ടുന്നുണ്ട്. ചൈനയുടെ ആയുധങ്ങൾ മാത്രമാണ് പാകിസ്ഥാന് യഥേഷ്ടം ലഭിക്കുന്നത്. നവാസ് ഷെരീഫിന്റെ വെളിപ്പെടുത്തൽ കൂടിയായതോടെ പാകിസ്ഥാന് ആയുധ മേഖലയിൽ സഹായം നൽകുവാൻ മുൻനിര രാഷ്ട്രങ്ങളൊന്നും തയ്യാറാകില്ലെന്ന് ഉറപ്പാണ്. ലണ്ടനിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് നവാസ് ഷെരീഫ് അമേരിക്കൻ ക്രൂസ് മിസൈൽ അഴിച്ചുപണിത സംഭവം പുറത്ത് വിട്ടത്.