trump-and-jin-ping

ബീജിംഗ്: കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും രോഗമുക്തി നേർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്.

'ഞാനും എന്റെ ഭാര്യ പെങ് ലിയുവാനും ഞാനും അങ്ങയോടും അങ്ങയുടെ ഭാര്യയോടും അനുതാപം അറിയിക്കുന്നു. അതിനൊപ്പം അങ്ങയുടെ വേഗത്തിലുള്ള രോഗമുക്തി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.' സ്റ്റേറ്റ് ടി.വിയിലൂടെ പുറത്തുവിട്ട സന്ദേശത്തിൽ ജിൻപിങ് പറഞ്ഞു.

ചൈനയും അമേരിക്കയും തമ്മിൽ ഏറെ നാളുകളായി വ്യാപര യുദ്ധത്തിലാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ ട്രംപ് ചൈനയ്ക്ക് നേരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ട്രംപിന്റെ രോഗവിവരം പുറത്തുവന്നതോടെ അമേരിക്കയിലെ ചൈനീസ് അംബാസിഡറും ഇരുവർക്കും സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിരുന്നു. അതിന് പുറമെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം വിവിധ ലോക നേതാക്കൾ ട്രംപിന് രോഗമുക്തിയുണ്ടാകട്ടെ എന്നാശംസിച്ചിരുന്നു.

പ്രസിഡന്റിന്റെ ഉപദേശകയായ ഹോപ് ഹിക്സിന് രോഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് 74 കാരനായ ട്രംപിനും ഭാര്യ മെലാനിയയ്ക്കും രോഗം കണ്ടെത്തിയത്. പിന്നീട്, അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.