
ലണ്ടൻ: കൊച്ചുകുട്ടികളുടെ തല കലത്തിൽ കുടുങ്ങിയതിനെക്കുറിച്ചും വിരലുകൾ യന്ത്രങ്ങൾക്കിടയിൽ കുടുങ്ങിയതിനെക്കുറിച്ചും നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ, ബ്രിട്ടനിൽ ഒരാൾ 'മുഴുവനായും' കുടുങ്ങിയത് വാഷിംഗ്‌മെഷീനിലാണ്. ഇരുപത്തിയൊന്നുകാരിയായ റോസി കോൾ എന്ന യുവതിക്കാണ് അമളിപറ്റിയത്.
റോസിയും സുഹൃത്തുക്കളും മദ്യപിക്കുകയായിരുന്നു. അതിനിടയിൽ സുഹൃത്തുക്കൾ ബെറ്റ് വച്ചു. വാഷിംഗ് മെഷീനുള്ളിൽ കയറിയിറങ്ങുക. റോസി വെല്ലുവിളി ഏറ്റെടുത്തു.
സംഗതി എളുപ്പമല്ലേയെന്നു കരുതി വാഷിംഗ് മെഷീനുള്ളിൽ കയറിയ റോസി പക്ഷേ ഡ്രൈയറിൽ കുടുങ്ങി. സുഹൃത്തുക്കൾ റോസിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നെ വൈകാതെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.
റോസി വാഷിംഗ് മെഷീനുള്ളിൽ കുടുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. റോസിക്ക് പുറത്തിറങ്ങാൻ കഴിയാതിരുന്നത് തമാശയായാണ് ആദ്യം സുഹൃത്തുക്കൾ എടുത്തത്. എന്നാൽ തന്റെ കാലുകളും ഇടുപ്പിന്റെ ഭാഗവും അനക്കാൻ കഴിയുന്നില്ലെന്ന് മനസിലായതോടെ ഭയന്നുപോയി. സുഹൃത്തുക്കൾ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് ഫയർഫോഴ്സിനെ വിളിച്ചത്.
ഫയർഫോഴ്സിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ എത്രവയസുള്ള പെൺകുട്ടിയാണെന്നാണ് ആദ്യം ചോദിച്ചത്. ഇരുപത്തിയൊന്നുകാരിയാണെന്നു കേട്ടപ്പോൾ അവരും അമ്പരന്നു.
മൂന്നുപേർ ചേർന്ന് റോസിയെ വാഷിംഗ് മെഷീനുള്ളിൽ നിന്ന് പുറത്തേക്കെടുക്കുന്നതിന്റെ വീഡിയോ റോസി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അമളി പറ്റിയെങ്കിലും, വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ സൂപ്പർഹിറ്റാണ്.