
തിരുവനന്തപുരം: സർക്കാരിനെതിരായ പ്രത്യക്ഷ സമരം നിറുത്തിവയ്ക്കാൻ എടുത്ത തീരുമാനം യു ഡി എഫ് തിരുത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം തുടരുമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന സർക്കാർ നിർദേശം പാലിച്ചുകൊണ്ടായിരിക്കും വരുന്ന 12-ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ സമരം നടത്തുക.
യു ഡി എഫ് സമരം അവസാനിപ്പിച്ചതിനെതിരെ കെ.മുരളീധരൻ അടക്കമുള്ള നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. സമരത്തിൽ നിന്ന് പിന്മാറുന്ന കാര്യത്തിൽ കൂടിയാലോചന നടന്നില്ലെന്നും സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ സമരത്തിൽ നിന്ന് പിന്മാറുന്നത് തിരിച്ചടിയാകുമെന്നുമാണ് കെ മുരളീധരൻ അടക്കമുളളവർ പറഞ്ഞിരുന്നത്. പ്രതിപക്ഷം സർക്കാരുമായി ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ബി ജെ പിയും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞമാസം 28നാണ് പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറാൻ യു ഡി എഫ് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവിന്റെ ഈ തീരുമാനത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപിപ്പിക്കുന്നത് സമരക്കാരാണെന്ന രീതിയിൽ സർക്കാരും സി പി എമ്മും ശക്തമായ പ്രചാരണം തുടങ്ങിയതോടെയാണ് പ്രത്യക്ഷ സമരത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങാൻ യു ഡി എഫ് തീരുമാനിച്ചത്.