
ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് വാക്‌സിൻ മൂന്നുമാസത്തിനുള്ളിൽ വൻതോതിൽ വിപണിയിലിറക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ.
2021 ആരംഭിക്കുന്നതിനു മുമ്പ് തന്നെ അധികൃതർ അനുമതി നൽകുമെന്നാണ് ഓക്‌സ്‌ഫോർഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രത്യേകത.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിചാരിച്ചതിനേക്കാൾ വേഗത്തിൽ നടപ്പാക്കാൻ കഴിയുമെന്നാണ് ഇപ്പോൾ കരുതുന്നത്. ഇതിൽ നിന്ന് കുട്ടികളെ തത്ക്കാലം ഒഴിവാക്കും. ഓരോ മുതിർന്നയാളുകൾക്കും ആറുമാസത്തിനുള്ളിൽ വാക്‌സിൻ ലഭ്യമായേക്കാം - ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
യൂറോപ്യൻ മെഡിസിൻസ് ഏജൻസി അസ്ട്രാസെനെക, ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്സിൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ അവലോകനം ചെയ്തു തുടങ്ങിയതായി കഴിഞ്ഞദിവസം അറിയിച്ചു. വാക്സിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രക്രിയകൾ വേഗത്തിലാക്കാനുള്ള മേഖലയിലെ ആദ്യ നീക്കങ്ങളിൽ ഒന്നാണ് ഇത്.
വാക്‌സിനേഷൻ നൽകുന്നതിന് കൂടുതൽ ആരോഗ്യപ്രവർത്തകരെ അനുവദിക്കുക, വാക്‌സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുക, സായുധ സേനയുടെ സഹായം സ്വീകരിക്കുക എന്നിവയാണ് സർക്കാർ പരിഗണനയിലുള്ള പദ്ധതികളിൽ ഉൾപ്പെടുന്നതെന്നാണ് റിപ്പോർട്ട്.