us-vs-china

വാഷിംഗ്ടൺ: കമ്മ്യൂണിസ്റ്റ് പാർട്ടിയുമായോ മറ്റേതെങ്കിലും ഏകാധിപത്യ പാർട്ടിയുമായോ അംഗത്വമോ ബന്ധമോ ഉള്ളവർക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വെള്ളിയാഴ്ച പുറത്തിറക്കിയ മാർഗനിർദ്ദേശത്തിലൂടെ അറിയിച്ചു.

ചൈനയുമായുള്ള ബന്ധം വഷളായതിന് പിന്നാലെയുള്ള നീക്കം ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തൽ. അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷയ്ക്ക് എതിരായ ഭീഷണികൾ പരിഹരിക്കുന്നതിനായി യു.എസ് കോൺഗ്രസ് പാസാക്കിയ വിശാല നിയമങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് റിപ്പോർട്ട്.

പുതിയ ഇമിഗ്രേഷൻ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോൾ മാർഗനിർദ്ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതിൽ ട്രംപ് ഭരണകൂടം കർശന നടപടി സ്വീകരിക്കുമെന്നാണ് യു.എസ് മാദ്ധ്യമങ്ങൾ പറയുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും മറ്റു ഏകാധിപത്യ പാർട്ടികളുമായും ബന്ധമുള്ളവർക്ക് പൗരത്വം എങ്ങനെ നിഷേധിക്കാമെന്നത് മാർഗനിർദ്ദേശത്തിൽ വിശദമാക്കിയിട്ടുണ്ട്.

ചൈനയെ നേരിടുന്നതിന് യു.എസ് സർക്കാർ ദീർഘകാല നയത്തിന് പ്രതിബദ്ധമാണെന്ന് അടുത്തിടെ റിപ്പബ്ലിക്കൻ പാർട്ടി പറഞ്ഞിരുന്നു.