
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കക്ഷികളായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമകാര്യ സെൽ രൂപീകരിച്ചു. ഹൈക്കോടതിയിലെ വിജിലന്‍സ് സ്‌പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ എ. രാജേഷിനാണ് സെല്ലിന്റെ ചുമതല. ഹൈക്കോടതിയിലും കീഴ്ക്കോടതിയിലും ഉള്ള കേസുകളുടെ കേസ് നടത്തിപ്പ് ആണ് സെല്ലിന്റെ ഉത്തരവാദിത്തം.
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ സര്‍ക്കാരിന് കുരുക്ക് മുറുകുന്നതിനിടെയാണ് പുതിയ സെല്‍ രൂപീകരിച്ചത്. സര്‍ക്കാരിന്റെ നിയമകാര്യങ്ങള്‍ക്കായി സീനിയര്‍ ജില്ലാ ജഡ്ജി പദവിയിലുള്ള നിയമ സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ്, ചീഫ് സെക്രട്ടറിയുടെ ഓഫീസിലുള്ള നിയമ സെല്‍ എന്നീ സംവിധാനങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമകാര്യ സെല്ലിന് രൂപം നല്‍കിയത്. ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ നിയമകാര്യ സെല്‍ എന്തിനാണെന്നും നിലവിലുള്ള സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവാത്ത എന്ത് നിയമപ്രശ്നമാണ് സര്‍ക്കാര്‍ നേരിടുന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ ഉയരുന്ന ചോദ്യങ്ങള്‍.