
ലണ്ടൻ: ഓജോ ബോർഡ് കളിപ്പാട്ടം പോലെ വിൽക്കുന്നതിനെതിരെ ഗോസ്റ്റ് ഹണ്ടർ പോൾ മാർസ്റ്റർസ് രംഗത്ത്. ഹാലോവീൻ ആഘോഷത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിൽ ഒരു പൗണ്ടിന് ഓജോ ബോർഡ് വില്ക്കുന്നുണ്ട്. ഒരു പൗണ്ടിന് വിവിധ സാധനങ്ങൾ വിൽക്കുന്ന വ്യാപാര ശൃംഖലയായ പൗണ്ട് ലാൻഡാണ് ഓജോബോർഡ് വില്ക്കുന്നത്.
' ഓജോ ബോർഡ് എന്നത് ഒരു കളിപ്പാട്ടമല്ല, അത് ഒരിക്കലും കുട്ടികൾക്കും മറ്റും ലഭ്യമാകുന്ന രീതിയിൽ വിൽപ്പനയ്ക്ക് വയ്ക്കരുത്. ഇതിനെല്ലാം പുറമേ ഇത് നന്നായി ഉപയോഗിക്കാൻ അറിയാത്ത മുതിർന്നവർക്ക് പോലും ഇത് പ്രശ്നം സൃഷ്ടിക്കും.എന്നാൽ, ചിലർ പറയുന്നു, ഇത് പ്ലാസ്റ്റിക്കാണ് പ്രശ്നമില്ലെന്ന്. എന്നാൽ, ഇത് പ്ലാസ്റ്റിക്കാണോ, മരമാണോ എന്നത് വിഷയമല്ല. ഏതെങ്കിലും പൈശാചിക ശക്തി ഇതിന്റെ ഉപയോഗം മൂലം പുറത്ത് എത്തിയാൽ അത് പിന്നീട് തുടർച്ചയായ സംഭവമായി മാറും.അത് ജനങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കും പാരാനോർമൽ നിരീക്ഷകൻ കൂടിയായ പോൾ പറയുന്നു. മറ്റ് ഗോസ്റ്റ് ഹണ്ടർമാരും ഈ പ്രവർത്തിക്കെതിരെ അതൃപ്തിയും പ്രകടിപ്പിച്ചതായി പോൾ പറയുന്നു. പാരനോർമൽ കമ്യൂണിറ്റി ഓജോ ബോർഡ് വില്പന ജനങ്ങളുടെ ജീവിതം കുഴപ്പത്തിലാക്കുമെന്ന ആശങ്ക പങ്കുവയ്ക്കുന്നതായും ഇദ്ദേഹം പറയുന്നു. ഏഴുവർഷമായി പാരനോർമൽ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് പോൾ. അതേ സമയം ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വാദിക്കുന്നവരും ശക്തമാണ്. അതേ സമയം ഓജോ ബോർഡുകളിൽ ഇത് 18 വയസിന് മുകളിൽ ഉള്ളവർക്ക് ഉപയോഗിക്കാൻ ഉള്ളതാണെന്ന് എഴുതിവച്ചിട്ടുണ്ടെന്നും. ഇത് അതിവേഗത്തിൽ വിറ്റുപോകുന്നുണ്ടെന്നും ബാക്കിയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പൗണ്ട് ലാൻഡ് പ്രതികരിച്ചു.