
ശ്രീനഗർ : രാജ്യദ്രോഹ പ്രവർത്തനങ്ങളും, തീവ്രവാദ പ്രവർത്തികളിലും ഏർപ്പെടുന്നവർ ടെക്‌നോളജിയെ കൂട്ട് പിടിക്കുന്ന സംഭവങ്ങൾ അടുത്തിടെ വർദ്ധിക്കുകയാണ്. ജമ്മു കാശ്മീരിലെ ഭീകര പ്രവർത്തികൾക്കും സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങൾ പലകുറി സൈന്യം കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങളും, പണവും അതിർത്തി കടത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പലകുറി സൈന്യം പരാജയപ്പെടുത്തിയിട്ടുണ്ട്. താഴ്വരയിലെ ഭീകരവാദ പ്രവർത്തനങ്ങളെ കണ്ടെത്തി വേരോടെ പിഴുതെറിയുമ്പോഴും സ്ളീപ്പിംഗ് സെല്ലുകളെ സജീവമാക്കി നിലനിർത്തുന്നതിനായി പാകിസ്ഥാൻ നിരവധി രീതികൾ പിന്തുടരുന്നതായി സുരക്ഷ ഏജൻസികൾ മനസിലാക്കിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് വെർച്വൽ സിമ്മുകളുടെ ഉപയോഗത്തിലെ വർദ്ധന.
നാൽപ്പതോളം ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ പുൽവാമ ഭീകരാക്രമണത്തെ കുറിച്ചുള്ള എൻ ഐ എ അന്വേഷണത്തിലാണ് വെർച്വൽ സിമ്മുകൾ ഭീകരപ്രവർത്തകർ ഉപയോഗിക്കുന്നു എന്ന് സുരക്ഷ ഏജൻസികൾ തിരിച്ചറിഞ്ഞത്. നാൽപ്പതോളം വെർച്വൽ സിമ്മുകൾ ഉപയോഗിച്ചാണ് ഭീകരപ്രവർത്തനം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കയിലെ സേവനദാതാവിനോട് എൻ ഐ എ ബന്ധപ്പെട്ടതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
വെർച്വൽ സിമ്മുകളുടെ ഉപയോഗം വർദ്ധിച്ചതോടെ പാകിസ്ഥാനിലെ ഭീകര പ്രസ്ഥാനങ്ങളുമായി ആശയവിനിമയം വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിം ഇടാതെ തന്നെ മൊബൈലുപയോഗിച്ച് ആശയവിനിമയം നടത്താമെന്നതാണ് വെർച്വൽ സിമ്മിന്റെ പ്രത്യേകത. ഈ സാങ്കേതികവിദ്യയിൽ, കമ്പ്യൂട്ടർ ഒരു ടെലിഫോൺ നമ്പർ സൃഷ്ടിക്കുന്നു. ഈ നമ്പർ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളായ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ടെലിഗ്രാം അല്ലെങ്കിൽ ട്വിറ്റർ എന്നിവയുമായി ബന്ധിപ്പിക്കുകയും ആശയവിനിമയം നടത്തുകയുമാണ് തീവ്രവാദികളുടെ രീതി. വെരിഫിക്കേഷൻ കോഡായി കമ്പ്യൂട്ടർ നൽകുന്ന സിം നമ്പരാണ് നൽകുന്നത്. ഇത് ട്രാക്ക് ചെയ്യുവാൻ സുരക്ഷാ ഏജൻസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലപ്പോഴും മൊബൈൽ ഫോൺ കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ മാത്രമാണ് വെർച്വൽ സിമ്മുപയോഗിക്കുന്നതിനെ കുറിച്ച് അറിയാൻ കഴിയുന്നത്.
ഉപയോഗിച്ച നമ്പറുകൾ ഒരു കൺട്രി കോഡ് അല്ലെങ്കിൽ മൊബൈൽ സ്റ്റേഷൻ ഇന്റർനാഷണൽ സബ്സ്‌ക്രൈബർ ഡയറക്ടറി നമ്പർ (എം എസ് ഐ എസ്ഡി എൻ) നമ്പർ ഉപയോഗിച്ച് മുൻകൂട്ടി നിശ്ചയിച്ചാണ് പ്രവർത്തനം. വിദേശ നെറ്റ് വർക്ക് കമ്പനികളിൽ നിന്നും വെർച്വൽ സിം കാർഡുകൾ വ്യാജ ഐഡി ഉപയോഗിച്ച് വാങ്ങിയാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.