lie-test

വിവാദമായ ഏതു കേസിലും നുണപരിശോധന ഇപ്പോൾ ഒരു കീഴ്‌വഴക്കമായി മാറിയിരിക്കുകയാണ്. സാക്ഷിയെയും പ്രതിയേയും സാധാരണയായി അന്വേഷണ ഉദ്യോഗസ്ഥർ നുണപരിശോധനയ്ക്ക് വിധേയരാക്കാറുണ്ട്. എങ്ങനെയാണ് നുണപരിശോധന നടത്തുന്നത്, നുണപരിശോധനയിലെ ഫലങ്ങൾക്ക് കോടതി എത്ര വിശ്വാസ്യതയാണ് കൽപ്പിക്കാറുള്ളത്. ഇതൊന്നും ഒരു പക്ഷേ സാധാരണക്കാരായ നമുക്ക് അറിയാൻ കഴിയില്ല. ഈ വിഷയത്തിൽ ആധികാരികതയോടെ എന്താണ് നുണപരിശോധനയെന്നും അത് എത്രത്തോളം ഒരുകേസിന്റെ ഫലത്തെ സ്വാധീനിക്കുമെന്നും അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എന്താണ് നുണ പരിശോധന ❓️

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഹത്രാസ് സംഭവത്തിൽ രായ്ക്കുരാമാനം പെൺകുട്ടിയെ കത്തിച്ച് ചാമ്പലാക്കിയ ഭരണകൂടം ചെയ്ത മറ്റൊരു നെറികെട്ട നീക്കമാണ് നരാധമന്മാർ പിച്ചിച്ചീന്തിയ മകളുടെ ചിത കത്തിത്തീരും മുൻപ് ബന്ധുക്കളെ നുണ പരിശോധനക്ക് വിധേയമാക്കുക എന്നത്.

നുണ പരിശോധനക്ക് വേണ്ടി അലമുറയിട്ട് ഊപ്പിയിൽ മാത്രമല്ല ഇങ്ങ് കേരളത്തിലെയും ചില പൊട്ടൻഷ്യൽ റേപ്പിസ്റ്റ്‌കൾ രംഗത്തെത്തിയിട്ടുണ്ട്. നുണ പരിശോധനയുടെ പേരിൽ ഇത്തരക്കാർ നടത്തുന്ന പ്രചാരണം ചിലരുടെയെങ്കിലും മനസ്സിൽ സംശയങ്ങൾക്ക് കാരണമാകും എന്നതിനാൽ നുണ പരിശോധനയെക്കുറിച്ച് നിയമപരമായി അറിയാം.

എന്താണ് പോളീഗ്രാഫ് ടെസ്റ്റെന്നും, നിയമങ്ങളെന്നു നോക്കാം

കുറ്റാന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയ നുണപരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഒരു രീതിയാണ് പോളിഗ്രാഫ് ടെസ്റ്റ്. 1921-ൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ജോൺ അഗസ്റ്റസ് ലാർസണാണ് ഈ ടെസ്റ്റ് കണ്ടുപിടിച്ചത്. ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്. ശരീരത്തിൽ സെൻസറുകൾ പോലെയുള്ള ചില ഉപകരണങ്ങൾ ഘടിപ്പിച്ച് പ്രതിയുടെ രക്തസമ്മർദ്ദം, നാഡിമിടിപ്പ്, വിവിധ വികാരങ്ങൾ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഈ പരിശോധനയിൽ അന്തിമ നിഗമനത്തിൽ എത്തുന്നത്. വിവിധ ചോദ്യങ്ങളോട് പ്രസ്തുത വ്യകതി അറിയാതെതന്നെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിച്ചാണ് പറയുന്നത് കളവാണോ എന്നുള്ള നിഗമനത്തിൽ വിദഗ്ദർ എത്തിച്ചേരുന്നത്.

പ്രതി അല്ലെങ്കിൽ സാക്ഷി സ്വമേധയാ സമ്മതം നൽകുകയാണെങ്കിൽ മാത്രമേ നുണ പരിശോധന നടത്താൻ സാധിക്കുകയുള്ളൂ.

നുണ പരിശോധനക്ക് ഉപയോഗിക്കുന്ന മറ്റ് രണ്ട് ശാസ്ത്രീയ പരിശോധനകളാണ് ബ്രയിൻ മാപ്പിങ്, നാർക്കോ അനാലിസിസ് എന്നിവ.

നുണപരിശോധനാ പൗരന്റെ പൗരാവകാശ ലംഘനമാണെന്ന് 2010 ൽ സുപ്രീം കോടതി വിധിച്ചിരുന്നു. Article 20(3) ‘Right against self-incrimination’ന്റെയും Article 21 (Right to life and personal liberty) യും ലംഘനമാണെന്നാണ് കോടതി വിധിച്ചത്.

(i) ‘Right against self-incrimination’ enumerated in Article 20(3) of the Constitution, which states that no person accused of an offence shall be compelled to be a witness against himself/herself, and

(ii) Article 21 (Right to life and personal liberty) has been judicially expanded to include a ‘right against cruel, inhuman or degrading treatment’.

നുണ പരിശോധന മനുഷ്യാവകാശ ലംഘനമാണെന്ന് കണ്ടെത്തി ദേശീയ മനുഷ്യാവകാശ കമ്മീഷൻ പോളീഗ്രാഫ് ടെസ്റ്റിനുള്ള ഗൈഡ്‌ലൈൻസ് പുറപ്പെടുവിച്ചിട്ടുണ്ട്

1. പ്രതി അല്ലെങ്കിൽ സാക്ഷി സ്വമേധയാ സമ്മതം നൽകുകയാണെങ്കിൽ മാത്രമേ നുണ പരിശോധന നടത്താൻ സാധിക്കുകയുള്ളൂ.

2. പ്രതി/സാക്ഷി നുണ പരിശോധനയ്ക്ക് തയ്യാറാണെങ്കിൽ പ്രതിക്ക് അയാളുടെ അഭിഭാഷകനെ കാണാനും, പോളീഗ്രാഫ് ടെസ്റ്റിന്റെ ശാരീരികവും, മാനസികവും, നിയമപരവുമായ വിശദശാംശങ്ങൾ പോലീസും, അഭിഭാഷകനും പറഞ്ഞു നൽകേണ്ടതുമാണ്

3. നുണ പരിശോധനയ്ക്കുള്ള സമ്മതം ഒരു മജിസ്‌ട്രേറ്റിന്റെ മുൻപാകെ രേഖപ്പെടുത്തേണ്ടതാണ്.

4. മജിസ്‌ട്രേറ്റിന്റെ മുൻപാകെ ഹാജരാക്കി മൊഴിയെടുക്കുമ്പോൾ ഒരു അഭിഭാഷകന്റെ സേവനം നിർബന്ധമായും അനുവദിക്കേണ്ടതാണ്

5. പൊലീസിന് നൽകിയ ഒരു മൊഴിയായി മാത്രമേ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി പരിഗണിക്കേണ്ടതുള്ളൂ പ്രതിയുടെ കുറ്റസമ്മത മൊഴിയായി പരിഗണിക്കാൻ പാടുള്ളതല്ല

6. അറസ്റ്റ് ചെയ്ത് തടവിലാക്കപ്പെട്ട സമയവും, ചോദ്യം ചെയ്യലിന്റെ വിഷാദശാംശങ്ങളും മജിസ്‌ട്രേറ്റ് വിശദമായി പരിശോധിക്കേണ്ടതാണ്.

7. പ്രതിയുടെ /സാക്ഷിയുടെ അഭിഭാഷകന്റെ സാനിധ്യത്തിൽ ആശുപത്രി പോലൊരു സ്വതന്ത്ര ഏജൻസി മാത്രമേ നുണ പരിശോധന നടത്താൻ പാടുള്ളു

8. പരിശോധനയുടെ എല്ലാ ശാസ്ത്രീയ സാങ്കേതിക വിവരങ്ങളും രേഖപ്പെടുത്തേണ്ടതാണ്

ചുരുക്കി പറഞ്ഞാൽ ക്രിമിനൽ കേസുകളിൽ ഇത്തരം ശാസ്ത്രീയ രീതികൾ പൊലീസ് അവലംബിക്കാറുണ്ടെങ്കിലും രാജ്യത്തെ കോടതികൾ അവയെ കാര്യമായി വിശ്വാസത്തിലെടുക്കാറില്ല എന്നതാണ് യാഥാർഥ്യം. നുണ പരിശോധനയുടെ ആധികാരികതയും പൂർണ്ണമായും ഇതുവരെ സ്ഥിതീകരിക്കപ്പെട്ടിട്ടില്ല.

അഡ്വ ശ്രീജിത്ത് പെരുമന