
പാറ്റ്ന:സീറ്റ് വിഭജന ചർച്ച പൂർത്തിയായതോടെ ബീഹാർ എൻ ഡി എയിൽ അടിതുടങ്ങി. ചിരാഗ് പസ്വാന്റെ എൽ ജെ പിയാണ് ഉടക്കുമായി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടി മത്സരിക്കാനില്ലെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. പകരം ബീഹാർ ഫസ്റ്റ്,ബീഹാറി ഫസ്റ്റ് എന്ന മുദ്രാവാക്യം ഉയർത്തി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടും. നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ ഡി യുവിനെതിരെ സ്ഥാനാർത്ഥിയെ നിറുത്താനും പാർലമെന്ററി ബോർഡ് യോഗത്തിൽ തീരുമാനമെടുത്തു എന്നാണ് റിപ്പോർട്ട്.
ബി ജെ പിയുമായി ഒരു എതിർപ്പുമില്ലെന്നും തിരഞ്ഞെടുപ്പിനുശേഷം ബി ജെ പി മുഖ്യമന്ത്രി അധികാരത്തിലെത്തിയാൽ പിന്തുണയ്ക്കുന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
നേരത്തേ മണിപ്പൂരിൽ പയറ്റിനോക്കിയ അതേ അടവാണ് എൽ ജെ പി ബീഹാറിലും ഇറക്കിനോക്കുന്നത്. 2017ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനമെടുത്ത പാർട്ടി തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം സർക്കാരിന്റെ ഭാഗമാവുകയായിരുന്നു.
സീറ്റ് വിഭജനത്തിന് മുമ്പുതന്നെ നിതീഷ് കുമാറിനെതിരെ രംഗത്തെത്തിയ എൽ ജെ പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചന നൽകിയിരുന്നു. അതേസമയം എൽ ജെ പിയെ തണുപ്പിക്കാനുളള ശ്രമങ്ങൾ അണിയറയിൽ തുടരുകയാണ്. എന്നാൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് നിതീഷ് കുമാർ. ബീഹാർ ഫസ്റ്റ്, ബീഹാറി ഫസ്റ്റ് എന്ന മുദ്രാവാക്യവുമായി ഒരുതരത്തിലും യോജിക്കാനാവില്ലെന്ന് നിതീഷ് കുമാർ എൻ ഡി എ നേതാക്കളെ അറിയിച്ചയാതാണ് വിവരം.
നേരത്തേ നടത്തിയ ചർച്ചയിൽ എൻ ഡി എ മുന്നണിയിൽ സീറ്റ് ധാരണയായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ ഡി യു വും, ബി ജെ പിയും സീറ്റുകൾ തുല്യമായി പങ്കിട്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആകെയുള്ള 243 സീറ്റുകളിൽ ജെ ഡി യുവിന് 122 സീറ്റുകളും ബി ജെ പിക്ക് 121 സീറ്റും ലഭിക്കും. ജിതൻറാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ചയ്ക്ക് ജെ ഡി യു വിന്റെ ക്വാട്ടയിൽ നിന്നും എൽ ജെ പിക്ക് ബി ജെ പിയുടെ ക്വാട്ടയിൽ നിന്നും സീറ്റുകൾ നൽകാൻ തത്വത്തിൽ ധാരണയായി. എന്നാൽ ഏത്രസീറ്റുകളാണ് ഇവർക്ക് നൽകുന്നതെന്ന് വ്യക്തമല്ല.