gilgit-pakistan

ന്യൂഡൽഹി: ചൈനീസ് സമ്മർദ്ദത്തിന് വഴങ്ങി,​ഗിൽജിത് ബാൾട്ടിസ്ഥാൻ പ്രദേശത്തിന്റെ സ്വയംഭരണാധികാരം എടുത്തു കളഞ്ഞ് പൂർണ പ്രവിശ്യയാക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നു. പാക് അധിനിവേശ കാശ്മീരിന്റെയും ഗിൽജിത് ബാൾട്ടിസ്‌സ്ഥാന്റെയും ചുമതലയുള്ള അലി അമിൻ ഗന്ദാപുർ ആണ് ഇക്കാര്യം സൂചിപ്പിച്ചത്.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉടൻ അവിടം സന്ദർശിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.

അതേസമയം, ഗിൽജിത് - ബാൾട്ടിസ്ഥാൻ മേഖലയിലെ ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ, പ്രദേശത്തെ ഭരണം നിയന്ത്രിക്കുന്ന സർക്കാർ ഏജൻസികൾ എന്നിവയെ പരിഗണിച്ചു മാത്രമേ ഇക്കാര്യം നടപ്പാക്കാൻ പാകിസ്ഥാന് കഴിയൂ.

 1949ൽ ഒപ്പിട്ട കറാച്ചി കരാർ പ്രകാരം കൊണ്ടുവന്ന ബ്രിട്ടീഷ് ഫ്രോണ്ടിയർ ക്രൈം റഗുലേഷൻ പ്രകാരമായിരുന്നു പാകിസ്ഥാൻ ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. 1975 ൽ ഇത് ഇല്ലാതാക്കിയെങ്കിലും സിവിൽ, ക്രിമിനൽ നിയമങ്ങൾ നിലനിറുത്തി.

 1994ൽ ഉത്തരമേഖലാ കൗൺസിൽ രൂപീകരിച്ച് ഗിൽജിതിന്റെ ഭരണം അതിന്റെ കീഴിലാക്കി.

 2009ൽ ഗിൽജിത് - ബാൾട്ടിസ്ഥാൻ എംപവർമെന്റ് ആൻഡ് സെൽഫ് ഗവർണൻസ് ഓർഡർ നടപ്പിലാക്കി. 2018ൽ ഇതിന് പകരം ഗിൽജിത് ബാൾട്ടിസ്ഥാൻ ഓർഡർ കൊണ്ടുവന്നിരുന്നു. 2019ൽ പുതിയൊരു നിയമം കൊണ്ടുവരാനും പാകിസ്ഥാൻ ശ്രമിച്ചിരുന്നു.

 പ്രദേശത്തിന്റെ ഭരണ സാധുതയിൽ പാകിസ്ഥാന്റെ ആശയക്കുഴപ്പത്തിന്റെ സൂചനയാണ് തുടർച്ചയായ നിയമ മാറ്റങ്ങൾ.

ചൈനയുടെ കുതന്ത്രം

ചൈന വലിയ തോതിൽ നിക്ഷേപം നടത്തിയിരിക്കുന്ന ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഗിൽജിത് ബാൾട്ടിസ്ഥാനിലൂടെയാണ്. ഈ പദ്ധതിക്കെതിരെ പ്രാദേശികമായി വലിയ എതിർപ്പാണ്. തടസങ്ങളിലില്ലാതെ പദ്ധതി പൂർത്തിയാക്കാൻ പാക് സർക്കാരിന് ഇവിടെ പൂർണ നിയന്ത്രണം വേണമെന്നാണ് ചൈനയുടെ ആഗ്രഹം.