
കൊൽക്കത്ത: വൃക്ക തകരാർ മൂലം ബംഗാളി നടി മിഷ്ടി മുഖർജി അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് അന്ത്യം. നടി കീറ്റോ ഡയറ്റിലായിരുന്നുവെന്നും അത് മൂലം വൃക്കയ്ക്ക് തകരാർ സംഭവിച്ചുവെന്നും ഒരുപാട് വേദന സഹിക്കേണ്ടിവന്നുവെന്നും ശനിയാഴ്ച ബന്ധുക്കൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
2012ൽ 'ലൈഫ് കി തോഹ് ലഗ് ഗയി" എന്ന ചിത്രത്തിലൂടെയായിരുന്നു മിഷ്ടി അഭിനയ ജീവിതം ആരംഭിച്ചത്. പ്രശസ്തമായ നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.
 എന്താണ് കീറ്റോ ഡയറ്റ്?
കാർബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ അളവിൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റിലുണ്ടാവുക. ഇതിലൂടെ അമിതമായ വണ്ണം കുറയുമെന്നാണ് പറയപ്പെടുന്നത്. കാർബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോൾ ശരീരം കൊഴുപ്പിനെ ഇന്ധനമാക്കാൻ നിർബന്ധിതമാകുന്നു. ആദ്യം കൊഴുപ്പിനെ അമ്ലങ്ങളാക്കും. തുടർന്ന് ഇവയെ കീറ്റോണുകളാക്കും. ഇതോടെ ശരീരം കീറ്റോസിസ് എന്ന അവസ്ഥയിലേക്ക് മാറും. ഈ കീറ്റോണുകളെയാണ് ശരീരം ഊർജ്ജമാക്കി ഉപയോഗിക്കുന്നത്. അങ്ങനെ ശരീര ഭാരം കുറയുന്നു. ഫാറ്റ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ ഹൃദ്രോഹം, സ്‌ട്രോക്ക്, അർബുദം എന്നിവ കൂടാനുളള സാദ്ധ്യത ഏറെയാണ്. പ്രോട്ടീൻ ഉപാപചയ പ്രവർത്തനങ്ങൾക്ക് വൃക്ക സഹായിക്കുന്നു. പ്രോട്ടീൻ ലോഡ് കൂടുന്നത് ചിലരിൽ കിഡ്നി തകരാറിലാക്കാൻ സാദ്ധ്യതയുണ്ട്.