
നദാൽ ക്വാർട്ടറിൽ
ചരിത്രമെഴുതി ജാബ്യുർ
പാരിസ്: ടോപ് സീഡും ലോക രണ്ടാം നമ്പർതാരവുമായ സിമോണ ഹാലെപ്പിനെ അട്ടിമറിച്ച് പോളിഷ് യുവ വിസ്മയം ഇഗ സ്വിയാറ്റെക് ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ക്വാർട്ടറിൽ എത്തി. നേരിട്ടുള്ള സെറ്റുകളിൽ 6-1,6-2 നായിരുന്നു പത്തൊമ്പതുകാരിയായ ഇഗ ഹാലെപ്പിനെ അട്ടിമറിച്ചത്. വെറും എഴുപത് മിനിറ്റിൽ അനായാസമായിരുന്നു ഇഗയുടെ വിജയം. ആദ്യമായാണ് ഇഗ ഒരു ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ക്വാർട്ടറിൽ എത്തുന്നത്. ആദ്യ പത്ത് റാങ്കിനുള്ളിലെ ഒരു താരത്തെ ആദ്യമായാണ് നിലവിൽ അമ്പത്തിനാലാം റാങ്കിലുള്ള ഇഗ തോൽപ്പിക്കുന്നത്.
ടുണീഷ്യൻ താരം ഒൺസ് ജാബ്യുർ ബലാറസ് താരം അരീന സെബലെങ്കയെ കീഴടക്കി ഫ്രഞ്ച് ഓപ്പൺ പ്രീക്വാർട്ടറിൽ കടക്കുന്ന ആദ്യ അറബ് വനിതയെന്ന റെക്കാഡ് സ്വന്തമാക്കി. സ്കോർ: 7-6,2-6,6-3. ജാബ്യുർ കഴിഞ്ഞ ആസ്ട്രേലിയൻ ഓപ്പണിൽ ക്വാർട്ടറിൽ എത്തിയിരുന്നു.
അതേസമയം പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ അമേരിക്കൻ ക്വാളിഫയർ സെബാസ്റ്റ്യൻ കോർഡയെ വീഴ്ത്തി ക്വാർട്ടർ ഉറപ്പിച്ചു. നേരിട്ടുള്ള സെറ്റുകളിൽ 6-1, 6-1, 6-2നായിരുന്നു നദാലിന്റെ വിജയം.