chandrashekhar-azad-

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് "വൈ സുരക്ഷ" ഒരുക്കണമെന്ന് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ്. പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"ഈ കുടുംബത്തിന് 'വെെ സുരക്ഷ' നൽകാൻ ഞാൻ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ഞാൻ അവരെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ഇവർ ​​ ഇവിടെ സുരക്ഷിതരല്ല. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലായിരിക്കണം സി.ബി.ഐ അന്വേഷണം." ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

ബോളിവുഡ് നടി കങ്കണ റണാവത്തിന് "വെെ സുരക്ഷ" നൽകാമെങ്കിൽ ഹാഥ്‌രസിലെ പെൺകുട്ടിയുടെ കുടുംബത്തിന് എന്ത് കൊണ്ട് നൽകാനാകില്ലെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ഹാഥ്‌രസിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.

സെപ്റ്റംബർ 14 നാണ് ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ 19 കാരിയായ ദലിത് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ യു.പി സർക്കാരിനെതിരെ രംഗത്തുവന്നു.