
ഗോഹട്ടി: പരേഷ് ബറുവ നേതൃത്വം നൽകുന്ന ആസാം ഭീകര സംഘടനയായ ഉൾഫ (ഐ) ഇപ്പോൾ ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ റൂയിലി ആസ്ഥാനമാക്കി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കേന്ദ്ര സർക്കാർ ഗോഹട്ടിയിലെ ഭീകര വിരുദ്ധ ട്രൈബ്യൂണലിനെ അറിയിച്ചു. ആദ്യമായാണ് കേന്ദ്രം ട്രൈബ്യൂണലിൽ ഇങ്ങനെയൊരു സത്യവാങ്‌മൂലം നൽകുന്നത്. പരേഷ് ബറുവ വർഷങ്ങളായി ചൈനീസ് - മ്യാൻമർ അതിർത്തിയിലെ റൂയിലിയിൽ ഉണ്ടെന്നും ചൈനീസ് ഇന്റലിജൻസ് ഏജൻസികളുടെ സഹായവും സംരക്ഷണവും ഉണ്ടെന്നും നേരത്തേ വ്യക്തമായിരുന്നു.
1990-ൽ കേന്ദ്ര സർക്കാർ ഉൾഫയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചിരുന്നു. യു.എ.പി.എ പ്രകാരം ഉൾഫയെ നിരോധിക്കാൻ മതിയായ കാരണങ്ങളുണ്ടോ എന്നാണ് ട്രൈബ്യൂണൽ പലരിശോധിക്കുന്നത്. ഗോഹട്ടി ഹൈക്കോടതി ജസ്റ്റിസ് പ്രശാന്ത കുമാർ ദേകയാണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ. ഉൾഫയുടെ നിരോധനം അഞ്ചു വർഷത്തേക്കു കൂടി നീട്ടിയ കേന്ദ്ര വിജ്ഞാപനം കഴിഞ്ഞ മാസം ട്രൈബ്യൂണൽ ശരിവച്ചിരുന്നു.
ഉൾഫ -ഐ പണം തട്ടിയെടുക്കൽ, ആയുധ സംഭരണം, തീവ്രവാദി റിക്രൂട്ട്മെന്റ്, മറ്റ് അക്രമ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടുന്നതായും. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആസാമിൽ വംശീയ അക്രമങ്ങൾക്ക് പ്രേരിപ്പിച്ചിരുന്നതായും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, ഉൾഫ- ഐയുടെ ആസ്ഥാനവും കേഡറുകളുടെ പരിശീലന കേന്ദ്രവും മ്യാൻമറിലെ സാഗയിംഗ് ഡിവിഷനിൽ ആണെന്ന് ആസാം സർക്കാരും ഇതേ ട്രൈബ്യൂണലിൽ അറിയിച്ചു. ഇന്ത്യൻ അതിർത്തിയോടു ചേർന്നാണ് സാഗയിംഗ്. അവിടെ ഉൾഫ - ഐ, നാഗാലാൻഡിലെ ഭീകരഗ്രൂപ്പായ എൻ.എസ്.സി.എൻ- കെയുടെ സഹായത്തോടെ സ്ഥാപിച്ച എട്ട് ക്യാമ്പുകളുടെ വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.
പരേഷ് ബറുവ
ഉൾഫ വൈസ് ചെയർമാനും കമാൻഡർ ഇൻ ചീഫും
1979ൽ അരവിന്ദ് രാജ്ഖോവ, പ്രദീപ് ഗോഗോയി തുടങ്ങിയവർക്കൊപ്പം ഉൾഫ സ്ഥാപിച്ചു
ലക്ഷ്യം സായുധ സമരത്തിലൂടെ സോഷ്യലിസ്റ്റ് ആസാം
ബ്രിട്ടനിലെ ഇന്ത്യൻ വ്യവസായി സ്വരാജ് പോളിന്റെ സഹോദരൻ സുരേന്ദ്ര പോളിനെ ഉൾപ്പെടെ നിരവധി പേരെ വധിച്ചു
1990ൽ ഉൾഫയെ നിരോധിച്ചു
പിന്നീട് പ്രവർത്തനം ചൈനയിലേക്കു മാറ്റി