
ലക്‌നൗ: യു.പി ഹാഥ്‌രസിൽ പെൺകുട്ടി പീഡനത്തിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ഡിഗ്രി വിദ്യാർത്ഥിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പി യുവമോർച്ച നേതാവ് ഡോ. ശ്യാം പ്രകാശ് ദ്വിവേദി, ഡോക്ടർ അനിൽ ദ്വിവേദി എന്നിവരാണ് പ്രയാഗരാജിൽ അറസ്റ്റിലായത്.
രണ്ടാഴ്ച മുമ്പാണ് പ്രതികൾ തോക്ക്ചൂണ്ടി പീഡിപ്പിച്ചെന്ന് കാട്ടി വിദ്യാർത്ഥിനി കേണൽഗഞ്ച് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി നൽകിയത്. യുവമോർച്ച വാരണാസി യൂണിറ്റിന്റെ നേതാവാണ് അറസ്റ്റിലായ ശ്യാംപ്രകാശ്. സ്വന്തം ഹോട്ടലിൽ എത്തിച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ശ്യാം പീഡിപ്പിച്ചതായാണ് പരാതി.
മാർച്ച് മാസം പ്രതികൾ ഇരുവരും വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചെന്നും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ഓർത്ത് കുടുംബം സംഭവം പുറത്ത് പറയാതിരിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
വൈദ്യപരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കേസിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.