
അബുദാബി: യു എ ഇയില്‍ കൊവിഡ് രോഗബാധ വീണ്ടും വര്‍ദ്ധിക്കുന്നതായി സൂചന. ഞായറാഴ്ച ദിവസം 1,041 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1001 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, പുതിയ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. ഇന്ന് പുതിയതായി 1,08,906 കൊവിഡ് സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ഇതോടെ ഇതുവരെ 10.1 ദശലക്ഷം കൊവിഡ് പരിശോധനയാണ് നടത്തിയിരിക്കുന്നത് എന്ന് കണ്ടെത്തി. തുടര്‍ച്ചയായി ആയിരത്തിലധികം കേസുകളാണ് യു എ ഇയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാളഴ്ച 1231 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രണ്ടാം തരംഗത്തിലേ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
പുതിയ കണക്കുകള്‍ കൂടി വന്നതോടെ യു എ ഇയില്‍ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 98,801 ആയി ഉയര്‍ന്നു. ഇതില്‍ 88,123 പേര്‍ക്കും രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് 426 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 10,252 സജീവ രോഗികളാണ് രാജ്യത്തുള്ളത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നേരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച ഒരു യാര്‍ഡ് പാര്‍ട്ടി സംഘടിപ്പിച്ചതിന് ദുബായ് പോലീസ് പൈലറ്റിന് 10,000 ദിര്‍ഹം പിഴ ചുമത്തിയിരുന്നു.