ppe-kit

സംഭവം കണ്ണൂർ ഗവ. മെഡി. കോളേജിൽ

തളിപ്പറമ്പ്: കൊവിഡ് ഡ്യൂട്ടിയിൽ പ്രവേശിക്കും മുമ്പ് ധരിക്കാൻ നല്കിയ പി.പി.ഇ കിറ്റ് കണ്ട് കണ്ണൂർ ഗവ. മെഡി. കോളേജിലെ നഴ്സുമാർ പതറി- പൊട്ടിച്ചെടുത്ത പുതുപുത്തൻ പായ്ക്കറ്റിലെ കിറ്റുകളിൽ ചോരക്കറപോലെ പാടുകൾ! മറ്റൊരു പായ്‌ക്കറ്ര് പൊട്ടിച്ചപ്പോൾ അതിലും അതേ പാടുകൾ കണ്ടതോടെ പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും വിവരമറിയിച്ചു.

ഉപയോഗിച്ച പി.പി.ഇ കിറ്രുകൾ നശിപ്പിച്ചു കളയുന്നതിനു പകരം പുതിയ പായ്ക്കറ്റിലാക്കി തിരിച്ചെത്തിയെന്നാണ് സംശയം. ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന നടപടിയിൽ നഴ്സുമാരുടെ സംഘടനകൾ കടുത്ത പ്രതിഷേധം അധികൃതരെ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിലേക്ക് ആവശ്യമായ പി.പി.ഇ കിറ്രുകൾ മെഡിക്കൽ സർവീസ് കോർപറേഷൻ വഴിയാണ് എത്തുന്നത്.

കണ്ണൂർ ഗവ. മെഡി. കോളേജിലേക്കു നൽകിയ ഒരേ ബാച്ച് നമ്പറിൽപ്പെട്ട മിക്ക കിറ്റുകളിലും രക്തക്കറ കണ്ടെത്തിയതായാണ് ആശുപത്രി അധികൃതർ മെഡിക്കൽ സർവീസസ് കോർപറേഷനെ അറിയിച്ചിട്ടുള്ളത്. ഈ ബാച്ചിലെ കിറ്റുകൾ തിരിച്ചെടുത്ത് പ്രശ്നം ഒതുക്കാനാണ് ശ്രമമെന്ന് നഴ്സുമാരുടെ സംഘടനകൾ ആരോപിക്കുന്നു.

പി.പി.ഇ കിറ്റുകൾക്ക് ക്ഷാമമില്ല. ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കേണ്ടതില്ല. രക്തകറ കണ്ടെത്താനിടയായത് എങ്ങനെയെന്ന് അറിയില്ല.

- ഡോ.ദിലീപ് കുമാർ ജനറൽ മാനേജർ

മെഡിക്കൽ സർവീസ് കോർപറേഷൻ