
ലക്‌നൗ: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി പൊലീസുകാരന്റെ യൂണിഫോമിൽ കുത്തിപ്പിടിക്കുന്നതായി കാട്ടുന്ന ചിത്രം പങ്കുവച്ച് ഗോരഖ്പ്പൂരിലെ ബി.ജെ.പി എം.പിയായ രവി കിഷൻ. 'നിയമം ലംഘിക്കാനുള്ള എല്ലാ അധികാരവും തനിക്കുണ്ട്. താൻ ഈ രാജ്യത്തിന്റെ രാജകുമാരനാണ്' എന്ന പരിഹാസരൂപേണയുള്ള അടിക്കുറിപ്പാണ് രവി കിഷൻ ട്വിറ്ററിൽ പങ്കുവച്ച ഈ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്. എന്നാൽ ഈ ഫോട്ടോ എപ്പോൾ, എവിടെവച്ച് എടുത്തതാണെന്നത് സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും രവി വ്യക്തമാക്കിയിട്ടില്ല.
हमें क़ानून तोड़ने के सारे अधिकार हैं , क्यूँकि हम देश के राजकुमार हैं ... pic.twitter.com/u3MK1x6gti— Ravi Kishan (@ravikishann) October 4, 2020
 
അതുകൊണ്ടുതന്നെ ഫോട്ടോയുടെ ആധികാരികതയിൽ തങ്ങൾക്ക് സംശയമുണ്ടെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിച്ചത്. ഈ ചിത്രം വസ്തുതകൾക്ക് വിരുദ്ധമാണെന്ന് തന്നെയാണ് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ 'ആൾട്ട് ന്യൂസും' പറയുന്നത്. ഹഥ്‌റാസിലേക്കുള്ള യാത്രാമദ്ധ്യേ രാഹുലിനെതിരെ ഉണ്ടായ പൊലീസ് അതിക്രമത്തിന്റെ വീഡിയോയിൽ നിന്നുമുള്ള ഒരു സ്ക്രീൻഷോട്ടാണ് രവി കിഷൻ തെറ്റിദ്ധാരണ ജനിപ്പിക്കും വിധം പങ്കുവച്ചിരിക്കുന്നത്.
BJP MLA सहित कई लोगों ने वीडियो से लिया गया एक स्क्रीनग्रैब शेयर करते हुए दावा किया कि हाथरस जाने के दौरान हुई धक्का-मुक्की में राहुल गांधी ने एक पुलिसवाले का कॉलर पकड़ा. ये दावा गलत है. पढ़िए #AltNewsFactCheck | @Priyankajha0 https://t.co/8XEQw8L6yi— Alt News Hindi (@AltNewsHindi) October 4, 2020
 
ബി.ജെ.പി എം.എൽ.എമാർ ഉൾപ്പെടെയുള്ള, വലതുപക്ഷ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന നിരവധി പേരും സോഷ്യൽ മീഡിയ വഴി ഈ ചിത്രം പങ്കുവച്ചിരുന്നു. ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ഹഥ്‌റാസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി എത്തിയ രാഹുലിനെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും മറ്റ് പ്രവർത്തകരെയും യു.പി പൊലീസ് കയ്യേറ്റം ചെയ്തത് രാജ്യമാകമാനം വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു.
1998 മുതൽ 2014 വരെ നിലവിലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ആയിരുന്നു തുടർച്ചയായി ഗോരഖ്‌പ്പൂരിലെ ലോക്സഭാംഗമായിരുന്നത്. 2017 വരെ കോൺഗ്രസിന്റെ ഭാഗമായിരുന്ന നടനും ടിവി അവതാരകനുമായ രവി കിഷൻ പിന്നീട് ബി.ജെ.പിയിലേക്ക് കളംമാറ്റി ചവിട്ടുകയായിരുന്നു. തുടർന്ന് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ഗോരഖ്‌പ്പൂർ എം.പിയായി തിരഞ്ഞെടുക്കപ്പെടുന്നത്.