assam-rifles

ഗുവാഹത്തി: അരുണാചൽ പ്രദേശിലെ ചാങ്‌ലാങിൽ ഭീകരരെന്ന് സംശയിക്കുന്നവരുടെ ആക്രമണത്തിൽ അസം റൈഫിൾസിലെ ഒരു ജവാന് വീരമൃത്യു. ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതോടെ ജയറാംപുർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുളള ഹെത്‌ലോംഗ് ഗ്രാമത്തിന് സമീപം അസം റൈഫിൾസിന്റെ വാട്ടർ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് സ്‌ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നത് വരെ അത് സ്ഥിരീകരിക്കാനാവില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് ദേവാൻഷ് യാദവ് പറഞ്ഞു. എന്നാൽ,വെടിയേറ്റുണ്ടായ പരിക്കാണ് ജവാന്റെ മരണത്തിനിടയാക്കിയതെന്നും യാദവ് പറഞ്ഞു.

സംഭവത്തിൽ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒഫ് അസമിലെ പരേഷ് ബറുവ വിഭാഗത്തിലെ ഭീകരരും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഒഫ് നാഗലാൻഡിലെ യുങ് ഓങ് വിഭാഗവും ഉൾപ്പെട്ടിട്ടുളളതായി സംസ്ഥാന ഭരണകൂടവും സുരക്ഷാസേനയും സംശയിക്കുന്നു.

പരിക്കേറ്റ ജവാനെ ചാങ്‌ലാങ്ങിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അസാമിലേക്ക് എയർലിഫ്റ്റ് ചെയ്യും.