
ന്യൂയോര്‍ക്ക്: കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവസ്ഥ വെളിപ്പെടുത്തിയതിനേക്കാള്‍ മോശമായിരുന്നുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ. ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. അതേസമയം ആരോഗ്യനില മെച്ചപ്പെട്ടെന്ന് ട്രംപ് ഒരു വീഡിയോയിലൂടെയും പ്രതികരിച്ചിട്ടുണ്ട്.
പ്രസിഡന്റ് നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോവുകയാണ് എന്ന വാര്‍ത്തകള്‍ക്കിടയാണ് ട്രംപ് വീഡിയോ പുറത്ത് വിട്ടത്.
ശനിയാഴ്ച രാത്രിയാണ് വീഡിയോയിലൂടെ നില മെച്ചപ്പെട്ടന്ന് ട്രംപ് വ്യക്തമാക്കിയത്. അമേരിക്കയെ വീണ്ടും മികച്ചതാക്കേണ്ടതിനാല്‍ തനിക്ക് തിരിച്ചെത്തണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപിന് ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹത്തിന് ഓക്സിജന്‍ സഹായം നല്‍കുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ട്രംപിന് പനി കൂടുന്നുണ്ടായിരുന്നെന്നും രക്തത്തിലെ ഓക്സിജൻ അളവുകൾ കുറയുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുമാസം ശേഷിക്കെയാണ് ഡോണള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. പ്രചാരണയാത്രകളിലുണ്ടായിരുന്ന സംഘത്തിലെ ഹോപ് ഹിക്‌സിനു കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ട്രംപിനും മെലാനിയയ്ക്കും പരിശോധന നടത്തിയത്.