
മുംബയ്: രാജ്യത്തെ റീജിയണൽ റൂറൽ ബാങ്കുകളുടെ സ്ഥിതി ആശാവഹമല്ലെന്ന് നബാർഡിന്റെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) ഇവയുടെ സംയുക്ത നഷ്‌ടം 2,206 കോടി രൂപയായി കുത്തനെ വർദ്ധിച്ചു. 2018-19ൽ നഷ്‌ടം 652 കോടി രൂപയായിരുന്നു.
26 ബാങ്കുകൾ ചേർന്ന് കഴിഞ്ഞവർഷം 2,203 കോടി രൂപയുടെ ലാഭം നേടിയിരുന്നു. എന്നാൽ, 19 ബാങ്കുകൾ 4,409 കോടി രൂപയുടെ നഷ്‌ടം നേരിട്ടു. ഇതോടെയാണ് സംയുക്ത നഷ്‌ടം 2,206 കോടി രൂപയായത്. കഴിഞ്ഞ മാർച്ച് 31ലെ കണക്കനുസരിച്ച് 45 റീജിയണൽ റൂറൽ ബാങ്കുകളാണ് രാജ്യത്തുള്ളത്. 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 685 ജില്ലകളിലായി ഇവ പ്രവർത്തിക്കുന്നു.
15 വാണിജ്യ ബാങ്കുകളുടെ നിയന്ത്രണത്തിലാണ് ഇവയുടെ പ്രവർത്തനം. 21,850 ശാഖകളാണുള്ളത്. നഷ്‌ടം ഉയർന്നെങ്കിലും ഗ്രാമീണ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) മുൻവർഷത്തെ 10.8 ശതമാനത്തിൽ നിന്ന് 10.4 ശതമാനമായി കുറഞ്ഞെന്ന് നബാർഡ് വ്യക്തമാക്കി. 18 ഗ്രാമീണ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി 10 ശതമാനത്തിന് മുകളിലാണ്.
കഴിഞ്ഞവർഷം 8.6 ശതമാനം വളർച്ചയോടെ ഈ ബാങ്കുകളുടെ മൊത്തം ബിസിനസ് 7.77 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങൾ 10.2 ശതമാനവും വായ്‌പകൾ 9.5 ശതമാനവും വർദ്ധിച്ചു. 2.98 ലക്ഷം കോടി രൂപയാണ് മൊത്തം വായ്‌പ. ഇതിൽ 90.6 ശതമാനവും (2.70 ലക്ഷം കോടി രൂപ) മുൻഗണനാ വിഭാഗത്തിലുള്ള വായ്‌പകളാണ്. 70 ശതമാനമാണ് കാർഷിക വായ്‌പയുടെ വിഹിതം. എം.എസ്.എം.ഇ വായ്‌പകൾ 12 ശതമാനം. 10.2 ശതമാനമാണ് ഗ്രാമീണ ബാങ്കുകളുടെ സംയുക്ത മൂലധന പര്യാപ്‌തതാ അനുപാതം.