united

ലെസ്റ്ററിനെ ഞെട്ടിച്ച് വെസ്റ്റ്‌ ഹാം

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻ ഹാം ഹോട്സ്പർ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഥ കഴിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ആറ് ഗോൾ തിരിച്ചടിച്ച് ടോട്ടനം വമ്പൻ വിജയം സ്വന്തമാക്കിയത്. ഇരുപത്തിയെട്ടാം മിനിട്ടിൽ അന്തോണി മാർട്ടിയാൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരുമായി കളിക്കേണ്ടി വന്നതും യുണൈറ്റഡിന് തിരിച്ചടിയായി.

രണ്ടാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ തുടർന്ന് രണ്ട് ഗോൾ വീതം നേടിയ ഹാരി കേനിന്റേയും സൺ ഹ്യൂഗ് മിനിന്റേയും ഓരോ ഗോൾ വീതം നേടിയ ടാൻഗുയി ഡോംബലേയുടേയും സെർജെ അയൂറിയുടേയും ഫിനിഷിംഗ് മികവിൽ യുണൈറ്റഡ് നാണംകെട്ട തോൽവി വഴങ്ങുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റിയുടെ വിജയക്കുതിപ്പിന് വെസ്റ്റ്ഹാം യുണൈറ്റഡ് തടയിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഹാം ലെസ്റ്ററിനെ തകർത്തത്. ലെസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മെക്കേൽ അന്റോണിയോ, പാബ്ലോ ഫൊർനാൽസ്, ജറോർഡ് ബോവെൻ എന്നിവരാണ് വെസ്റ്റ് ഹാമിനായി ലക്ഷ്യം കണ്ടത്. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് വിശ്രമത്തിലായ പ്രധാന പരിശീലകൻ ഡേവിഡ് മോയസിന്റെ അഭാവത്തിൽ സഹപരിശീലകൻ അലൻ ഇർവിന്റെ ശിക്ഷണത്തിലാണ് ഹാമ്മേഴ്സ് ഇറങ്ങിയത്.

ആഴ്‌സനൽ 2-1ന് ഷെഫീൽഡ് യുണൈറ്റഡിനെ കീഴടക്കി. ബുക്കായോ സക്ക, നിക്കോളാസ് പെപെ എന്നിവരാണ് ഗണ്ണേഴ്സിനായി ലക്ഷ്യം കണ്ടത്. ഡേവിഡ് മക്‌ ഗോൾഡ്രിക് ഒരു ഗോൾ മടക്കി. അതേസമയം എവർട്ടൺ വിജയക്കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം അവർ 4-2ന് ബ്രൈറ്റണെ കീഴടക്കി. ഹാമിഷ് റോഡ്രിഗസ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ യാറി മിന, കാൾവെർട്ട് ലെവിൻ എന്നിവർ ഓരോ ഗോൾ എവർട്ടണിനായി നേടി. എവർട്ടാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. മാഞ്ചസ്റ്രർ സിറ്രിയെ ലീഡ്സ് യുണൈറ്റഡ് 1-1ന്റെ സമനിലയിൽ തളച്ചു.

റയലിന് ജയം

സ്പാനിഷ് ലാലിഗയിൽ ഇന്നലെ റയൽ മാഡ്രിഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ലെവാന്റെയെ കീഴടക്കി. പതിനാറാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറും രണ്ടാം പകുതിയുടെ അധിക സമയത്ത് കരിം ബെൻസേമയുമാണ് റയലിന്റെ ഗോളുകൾ നേടിയത്. പോയിന്റ് ടേബിളിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ തന്നെയാണ് ഒന്നാം സ്ഥാനത്ത്.