bjp-mla

ലക്‌നൗ: ഹാഥ്‌രസ് സംഭവത്തിൽ യു.പി സർക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം ഉയരുന്നതിനിടെ ബലാത്സംഗക്കേസുകൾ സംബന്ധിച്ച് വിവാദ പരാമർശവുമായി യു.പിയിലെ ബി.ജെ.പി എം.എൽ.എ.

ബലാത്സംഗങ്ങൾ നിറുത്താൻ പെൺകുട്ടികളെ മാതാപിതാക്കൾ സംസ്‌കാരം പഠിപ്പിക്കണമെന്ന് ബല്ലിയയിലെ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിംഗ് പറയുന്നത്.
'സംസ്‌കാരം കൊണ്ടു മാത്രമേ ഇതു പോലുള്ള സംഭവങ്ങൾ നിറുത്താൻ കഴിയൂ. ഭരണം കൊണ്ടോ ആയുധം കൊണ്ടോ പറ്റില്ല. എല്ലാ രക്ഷിതാക്കളും പെൺമക്കളെ നല്ല മൂല്യങ്ങൾ പഠിപ്പിക്കണം. നല്ല സർക്കാരും സംസ്‌കാരവും ഉണ്ടെങ്കിൽ മാത്രമേ ഈ രാജ്യം മനോഹരമാകൂ.' സുരേന്ദ്ര സിംഗ് പറഞ്ഞു. ബി.ജെ.പി എം.എൽ.എ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് പുറത്തു വിട്ടത്.

'ഞാൻ ഒരു അധ്യാപകനാണ്' എന്നു പറഞ്ഞുകൊണ്ടാണ് സിംഗിന്റെ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നത്.

സർക്കാർ വാളെടുത്താലും ഇത്തരം സംഭവങ്ങൾ നിർത്താൻ കഴിയില്ലെന്നും എം.എൽ.എ പ്രതികരിച്ചു.

മുമ്പ് ഉന്നാവ് പീഡനക്കേസിൽ പ്രതിയായ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാറിനെ പിന്തുണച്ച് സുരേന്ദ്ര സിംഗ് രംഗത്തെത്തിയിരുന്നു. 'മൂന്ന് മക്കളുടെ അമ്മയെ ബലാത്സംഗം ചെയ്യാൻ സാധിക്കില്ല' എന്നായിരുന്നു അന്ന് സുരേന്ദ്ര സിംഗിന്റെ പരാമർശം.