sai-pallavi

നൃത്തച്ചുവടുകള്‍ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും മനോഹരമായ പുഞ്ചിരികൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് സായ് പല്ലവി. ലോക്ക്‌ഡൗണ്‍ കാലത്ത് താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാകുമ്പോള്‍ സായ് പല്ലവി നേരെ തിരിച്ചാണ്. ഇടയ്ക്ക് വന്ന് വിശേഷങ്ങള്‍ പങ്കിട്ടുപോവുമെങ്കിലും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല താരം. അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഒരു കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച് തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി ഇക്കുറി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്ന രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ കാലം മുതല്‍ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന പെണ്‍കുട്ടിയാണ് സായ്.


സായ് എന്ന ആ പെണ്‍കുട്ടിയെ പിന്നീട് സൗത്ത് ഇന്ത്യ കണ്ടത് 'പ്രേമം' എന്ന ചിത്രത്തിലെ നായികയായാണ്. മലര്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവന്‍ സ്‌നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി.

അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്. കോടികള്‍ ഓഫര്‍ ചെയ്തിട്ടും ഒരു ഫെയര്‍നെസ്സ് കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.