azad-raavan


ലക്‌നൗ: ഹാഥ്‌രസിൽ കൊടുംപീഡനത്തിനിരയായി കൊല്ലപ്പെട്ട 20കാരിയുടെ കുടുംബം തന്റെ കൂടെ കഴിയണമെന്ന ആവശ്യം പ്രകടിപ്പിച്ചതായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് 'രാവൺ'. ഗ്രാമത്തിൽ കഴിയുക എന്നത് അവർക്ക് സുരക്ഷിതമായി തോന്നുന്നില്ലെന്നും അതിനാൽ അവരെ തന്റെയൊപ്പം കഴിയാൻ അനുവദിക്കണമെന്നും ആസാദ് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെടുന്നു.

സഹരൻപൂരിലുള്ള തന്റെ വീട്ടിലേക്ക് കുടുംബത്തെ മാറ്റാൻ അധികൃതർ ആവശ്യമായ സഹായം നൽകണമെന്നും ആസാദ് വ്യക്തമാക്കുന്നു. ഹാഥ്‌രസ് സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ കുടുംബത്തിന് 'വൈ കാറ്റഗറി സുരക്ഷ' നൽകണമെന്നും ചന്ദ്രശേഖർ ആസാദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ബോളിവുഡ് നടി കങ്കണ റണാവത്തിന് 'വെെ സുരക്ഷ' നൽകാമെങ്കിൽ ഹഥ്‌രസിലെ പെൺകുട്ടിയുടെ കുടുംബത്തിന് എന്ത് കൊണ്ട് നൽകാനാകില്ലെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ഹാഥ്‌രസിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. സെപ്റ്റംബർ 14 നാണ് ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ 20കാരിയായ ദലിത് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ യു.പി സർക്കാരിനെതിരെ രംഗത്തുവന്നു.