
ഷാർജ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസ് 34 റൺസിന് സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി.ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്ര് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടിക്കിറങ്ങിയ സൺറൈസേഴ്സിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ തകർപ്പൻ അർദ്ധസെഞ്ച്വറിയാണ് മുംബയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഡി കോക്ക് 39 പന്തിൽ 67 റൺസെടുത്തു. 4 വീതം ഫോറും സിക്സും ഉൾപ്പെട്ടതാണ് ഡി കോക്കിന്റെ ഇന്നിംഗ്സ്. ഇഷാൻ കിഷൻ (23 പന്തിൽ 31), ഹാർദിക് പാണ്ഡ്യ (19 പന്തിൽ 28), ക്രുനാൽ പാണ്ഡ്യ ( 4 പന്തിൽ 20), സൂര്യകുമാർ യാദവ് (18 പന്തിൽ 27) കീറോൺ പൊള്ളാഡ് (13 പന്തിൽ 25) എന്നിവരും മികച്ച ബാറ്റിംഗ് പുറത്തെടുത്തു. സന്ദീപ് ശർമ്മയും സിദ്ധാർത്ഥ് കൗളും രണ്ട് വിക്കറ്റ് വീതം നേടി. ഇന്നലത്തെ വിക്കറ്ര് നേട്ടത്തോടെ കൗളിന്റെ ഐ.പി.എല്ലിലെ വിക്കറ്ര് സമ്പാദ്യം അർദ്ധ സെഞ്ച്വറിയിലെത്തി. റാഷിദ് ഖാൻ നാലോവറിൽ 22 റൺസ് മാത്രം നൽകി ഒരുവിക്കറ്റെടുത്തു.
മറുപടിക്കിറങ്ങിയ സൺറൈസേഴ്സിനായി നായകൻ ഡേവിഡ് വാർണർ (44 പന്തിൽ 60) പൊരുതിയെങ്കിലും മികച്ച പിന്തുണ മറ്രുള്ളവരിൽ നിന്നുണ്ടായില്ല. മനീഷ് പാണ്ഡെ 19 പന്തിൽ 30 റൺസ് നേടി.മുംബയ്ക്കായി ബൗൾട്ടും ബുംറയും പാറ്റിൻസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഐ.പി.എല്ലിൽ ഇന്ന്
ബാംഗ്ലൂർ - ഡൽഹി