pic

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിന്നും നടി റിയ ചക്രബർത്തിയെ ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് അദിർ ചൗധരി. നടന്റെ മരണത്തിലെ കൊലപാതകസാധ്യത തള്ളി ഡല്‍ഹി എയിംസിലെ മെഡിക്കല്‍ ബോര്‍ഡ് രംഗത്ത് വന്നതിന് പിന്നാലെയാണ് ചൗധരി ലോകസഭയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.

"സുശാന്തിന്റെ മരണത്തിൽ നാമെല്ലാവരും വേദനിക്കുന്നുണ്ട്. എങ്കിലും നിരപരാധിയായ ഒരു സ്ത്രീയെ പ്രതിചേർത്തുകൊണ്ട് അദ്ദേഹത്തിന് നിതി നേടികൊടുക്കാൻ കഴിയില്ല.റിയ ചക്രബർത്തി നിരപരാധിയായ ഒരു സ്ത്രീയാണെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. റിയ രാഷ്ട്രീയ ഗൂഡാലോചനയുടെ ഇരയാണ്. കൂടുതൽ ഉപദ്രവിക്കാതെ വിട്ടയക്കണം." അദിർ ചൗധരി ട്വീറ്റ് ചെയ്തു. റിയ ചക്രബർത്തി സുശാന്തിനെ കൊല്ലാൻ ഗൂഡാലോചന നടത്തിയെന്ന ആരോപണം റദ്ദാക്കിയ എയിംസിലെ മെഡിക്കല്‍ സംഘത്തെ ബി.ജെ.പി കുറ്റപ്പെടുത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

സുശാന്തിന്റേത് തൂങ്ങിമരണമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സുധീര്‍ ഗുപ്ത കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. മരണത്തില്‍ സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ആറ് ഫൊറന്‍സിക് വിദഗ്ദ്ധർ ഉള്‍പെട്ട മെഡിക്കല്‍ ബോർഡ് സി.ബി.ഐയെ അറിയിച്ചു. സെപ്റ്റംബർ എട്ടിനാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റിയയെ അറസ്റ്റു ചെയ്തത്.